IPL
ഇംപാക്ട് പ്ലെയര്‍ റൂള്‍ വേണ്ട, ബ്രോഡ്കാസ്റ്റിങ്ങിന് വേണ്ടിയാണ് ഇതെല്ലാം; വിമര്‍ശനവുമായി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 07, 12:05 pm
Monday, 7th April 2025, 5:35 pm

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഐ.പി.എല്ലിലെ ഇംപാക്ട് പ്ലെയര്‍ റൂള്‍. 2023 ലാണ് ടൂര്‍ണമെന്റില്‍ ഈ നിയമം ആദ്യമായി കൊണ്ടുവരുന്നത്. 11 താരങ്ങള്‍ക്ക് പുറമെ ഒരു താരത്തെ കൂടെ ഇറക്കാന്‍ ടീമുകളെ അനുവദിക്കുന്നതാണ് ഈ നിയമം. ഇപ്പോള്‍ ഈ നിയമത്തിന്റെ കുറിച്ച് സംസാരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ കോച്ച് റിക്കി പോണ്ടിങ്.

പരിശീലകന്‍ എന്ന നിലയില്‍ ഇംപാക്ട് പ്ലെയര്‍ റൂള്‍ വേണ്ടയെന്നാണ് താന്‍ പറയുകയെന്നും ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ അതെ എന്നായിരിക്കും തന്റെ ഉത്തരമെന്നും പോണ്ടിങ് പറഞ്ഞു. ഈ നിയമം മറ്റൊരു ഇന്ത്യന്‍ കളിക്കാരന് അവസരം നല്‍കുമെന്ന് പറയുമെങ്കിലും ബ്രോഡ്കാസ്റ്റിങ്ങിന് വേണ്ടിയാണ് ഈ നിയമമെന്നും പഞ്ചാബ് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്‌പ്രെസ്സില്‍ സംസാരിക്കുകയായിരുന്നു റിക്കി പോണ്ടിങ്.

ഇംപാക്ട് പ്ലെയര്‍ റൂളിനെ കുറിച്ച് പോണ്ടിങ് പറഞ്ഞത്

‘ഒരു പരിശീലകന്‍ എന്ന നിലയില്‍, ഇംപാക്ട് പ്ലെയര്‍ റൂള്‍ വേണ്ട എന്ന് ഞാന്‍ പറയും. പക്ഷേ ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍, അതെ എന്നായിരിക്കും എന്റെ ഉത്തരം. കാഴ്ചക്കാര്‍ക്കും ടി.വിക്കും ഏറ്റവും നല്ലത് എന്ത് എന്നതാണ് പലപ്പോഴും ഈ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്.

ബ്രോഡ്കാസ്റ്റിങ്ങിന് വേണ്ടിയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് അറിയാം. ഞങ്ങളുടെ മേലധികാരികള്‍ എപ്പോഴും കാഴ്ചക്കാരന് കാഴ്ച മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് സംസാരിക്കാറുണ്ട്.

അതുകൊണ്ടാണ് ഇംപാക്ട് പ്ലെയര്‍ നിയമമുള്ളത്. അതില്‍ എനിക്ക് ഒരു സംശയവുമില്ല. ഈ നിയമം മറ്റൊരു ഇന്ത്യന്‍ കളിക്കാരന് അവസരം നല്‍കുമെന്ന് അവര്‍ പറഞ്ഞേക്കാം.

പക്ഷേ അവര്‍ അവരുടെ പ്രകടനം അത്ര മികച്ചതെങ്കില്‍ അവര്‍ എന്തായാലും ആദ്യ ഇലവനില്‍ ഇടം പിടിക്കും. ഒരു പരിശീലകനെന്ന നിലയില്‍, മികച്ച ഇലവനെ തെരഞ്ഞെടുക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു,’ പോണ്ടിങ് പറഞ്ഞു.

ഐ.പി.എല്ലില്‍ പരിശീലകന്‍ റിക്കി പോണ്ടിങ്ങിനും നായകന്‍ ശ്രേയസ് അയ്യരിനും കീഴില്‍ മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്സ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി പഞ്ചാബിന് നാല് പോയിന്റുണ്ട്. +0.074 നെറ്റ് റേറ്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

 

ഏപ്രില്‍ എട്ടിന് ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: Punjab Kings Coach Ricky Ponting Criticizes That Impact Player Rule Is For The Benefits Of The Broadcasting