ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ വിജയം. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ദല്‍ഹിക്ക് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നിലവില്‍ ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജിക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി ദല്‍ഹി വിജയിക്കുകയായിരുന്നു. ഇരുവരും സീസണില്‍ ഏറ്റുമുട്ടിയ രണ്ടാം മത്സരവും ദല്‍ഹി തന്നെയാണ് വിജയിച്ചിരിക്കുന്നത്.
Adding another W to our tally 💙❤️ pic.twitter.com/WeZmwnoz4f
— Delhi Capitals (@DelhiCapitals) April 22, 2025
ദല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് പോരലും വണ്‍ ടൗണ്‍ ബാറ്റര്‍ കെ.എല്‍. രാഹുലും ആണ്. അഭിഷേക് 36 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം രാഹുല്‍ 42 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറും അടിച്ച് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 20 പന്തില്‍ നിന്ന് നാല് സിക്‌സറുകളും ഒരു ഫോറും അടക്കം 34 റണ്‍സ് നേടി പുറത്താകാതെ നിര്‍ണായകപ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
ഓപ്പണര്‍ ആയി ഇറങ്ങിയ കരുണ്‍നായരെ എയ്ഡന്‍ മാര്‍ക്രം 15 റണ്‍സിന് ബൗള്‍ഡാക്കിയാണ് തുടങ്ങിയത്. അഭിഷേകിനെ കുലുക്കിയതും എയ്ഡന്‍ ആയിരുന്നു. തകര്‍പ്പന്‍ വിജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ദല്‍ഹിക്ക് സാധിച്ചിരിക്കുകയാണ്.
ലഖ്‌നൗവിന്റെ ബാറ്റിങ്ങില്‍ സ്‌കോര്‍ 87ന് നില്‍ക്കവേയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 33 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിനെയാണ് എല്‍.എസ്.ജിക്ക് ആദ്യം നഷ്ടപ്പെട്ടത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ട്രിസ്റ്റ്ന്‍ സ്റ്റബ്‌സിന്റെ കൈയില്‍ ആവുകയായിരുന്നു മാര്‍ക്രം.
മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് ആണ് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ മാര്‍ഷിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.
നിക്കോളാസ് പൂരന് അഞ്ച് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ അടക്കം ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അബ്ദുല്‍ സമദ് രണ്ട് റണ്‍സിനും പുറത്തായി. അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ആയുഷ് ബധോണിയാണ്.
ഇംപാക്ട് പ്ലെയറായി ഇറങ്ങിയ താരം 21 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സ് ആണ് അടിച്ചെടുത്തത്. അവസാന ഓവറില്‍ ആദ്യ മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. അവസാന ഓവറിന് എത്തിയ മുകേഷ് കുമാറിനാണ് താരത്തിന്റെ വിക്കറ്റ്.
എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ റിഷബ് പന്താണ്. 15 പന്തില്‍ 14 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ തപ്പിക്കളിക്കുമ്പോള്‍ നിര്‍ണായകഘട്ടത്തില്‍ നേരത്തെ ഇറങ്ങാതെ അവസാന ഓവറില്‍ ഇറങ്ങിയ താരം രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് പുറത്തായത്. മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ ആയാണ് താരം പുറത്തായത്. ദല്‍ഹിയുടെ ബൗളിങ്ങില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മുകേഷ് കുമാര്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
Content Highlight: IPL 2025: Delhi Capitals Won Against LSG In Second Time IN 2025 IPL