മോസ്‌കോ: ജമ്മു കശ്മീരില പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ അനുശോചനമര്‍പ്പിച്ച് ലോക നേതാക്കള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി ഇവാന്‍സ് എന്നിവര്‍ ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ ഉറ്റവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ അറിയിക്കുന്നുവെന്നും പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പ്രതികരിച്ചു.
ഇത് സംബന്ധിച്ച് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുടിന്‍ തന്റെ അനുശോചനം അറിയിച്ചിട്ടുണ്ട്. ഒരു ന്യായീകരണവുമില്ലാത്ത ക്രൂരമായ കുറ്റകൃത്യം എന്നാണ് പുടിന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. വര്‍ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പുടിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും ആക്രമണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് പ്രതികരിച്ചു. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്ക് ഉണ്ടാവുമെന്നും ഭീകരവാദത്തിനെതിര ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹല്‍ഗാമിലെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് താനും കുടുംബവും അനുശോചനം അറിയിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും പ്രതികരിച്ചു. നിലവില്‍ ഇന്ത്യയിലുള്ള ജെ.ഡി വാന്‍സ് ഈ രാജ്യത്ത് നിന്ന് വളരെയധികം സ്‌നേഹം ലഭിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ആക്രമണമുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സൗദിയിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉടന്‍ മടങ്ങിയെത്തും എന്നറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തിയ ശേഷം സുരക്ഷ സമിതി യോഗം വിളിച്ച് ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയും വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടാവുന്നത്. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊലപ്പെട്ടത്.
നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Content Highlight: Jammu and Kashmir terror attack: World leaders express solidarity with India