ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദയാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.
കൊച്ചി ഇടപ്പെള്ളി സ്വദേശിയായ എന്‍.രാമചന്ദ്രന്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊച്ചി പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെയാണ് രാമചന്ദ്രന്‍ കുടുംബസമേതം കശ്മീരിലേക്ക് പോയത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഐ.എ.എന്‍.എസ് വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം നാരായണ മേനോന്‍ എന്നയാളുടെ മകനാണ് ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍. മകള്‍ക്കും ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രാമചന്ദ്രന്‍ ഇന്നലെ കശ്മീരിലെത്തിയത്.
മകള്‍ ദുബായിലാണ് ജോലി ചെയ്തിരുന്നത്. അവധിക്കാലമായതിനാല്‍ നാട്ടിലെത്തിയതായിരുന്നു മകളും കുടുംബവും. മകളുടെ മുമ്പില്‍ വെച്ച് പേര് ചോദിച്ചതിന് ശേഷമാണ് രാമചന്ദ്രനെ ആക്രമിച്ചതെന്നാണ് രാമചന്ദ്രന്റെ ബന്ധുക്കള്‍ പറയുന്നത്. രാമചന്ദ്രന്റെ കുടുംബം ഇപ്പോള്‍ ശ്രീനഗറിലെ ഹോട്ടലലിലാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാല്‍ പറഞ്ഞു.
ദീര്‍ഘകാലമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു രാമചന്ദ്രന്‍. നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ഇന്നലെ ഹൈദരാബാദ് വഴിയാണ് ഇവര്‍ കശ്മീരിലേക്ക് പോയത്. മകന്‍ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്.
ഇദ്ദേഹത്തിന് പുറമെ കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നേവി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ വിവാഹിതനായ ഇദ്ദേഹം അവധിയിലിരിക്കെയാണ് കശ്മീരിലേക്ക് പോയത്.
അതേസമയം ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടാവുന്നത്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്.
25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Content Highlight: Jammu and Kashmir terror attack; Malayali among those killed