national news
പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി കേന്ദ്ര സര്‍ക്കാര്‍; വര്‍ധിപ്പിച്ചത് 50 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 11:46 am
Monday, 7th April 2025, 5:16 pm

ന്യൂദല്‍ഹി: രാജ്യത്തെ പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതകത്തിന്റേയും വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം ദല്‍ഹിയില്‍ 803 ഉണ്ടായിരുന്ന പാചക വാചകത്തിന്റെ വില 853 ആയി ഉയര്‍ന്നു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ പങ്കാളിയായവര്‍ക്ക് 500ല്‍ നിന്ന് 550 രൂപയായും ഒരു സിലിണ്ടറിന് വര്‍ധിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും എണ്ണ കമ്പനികള്‍ക്ക് വലിയ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധനവിനെ ന്യായീകരിക്കുന്നത്. കൂടാതെ പാചക വാചകത്തിന് നല്‍കുന്ന സബ്‌സിഡി കമ്പനികള്‍ക്ക് നഷ്ടമാണെന്നും അത് നികത്താനാണ് വില വര്‍ധിപ്പിക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്.പുരി പറഞ്ഞു.

എണ്ണ കമ്പനികള്‍ക്ക് പാചക വാതകവിലയില്‍ 43000 കോടി  നഷ്ടം വരുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.

രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റേയും വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ധിപ്പിച്ചതാണ് പെട്രോളിന്റെയും ഡീസലിന്റേയും വില വര്‍ധിക്കാന്‍ കാരണമായത്. ഏപ്രില്‍ ഏട്ട് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരിക.

പുതിയ ഉത്തരവ് പ്രകാരം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിലറ വില്‍പ്പനയില്‍ വില വര്‍ധനവുണ്ടാകില്ലെന്നാണ് പെട്രോളിയം മന്ത്രാലയം പറഞ്ഞത്.

Content Highlight: After petrol and diesel, the central government has also increased the price of cooking gas; the increase was Rs 50