ഐ.പി.എല്ലില്‍ മൂന്നാം വിജയവും സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.
4.25 എന്ന കിടിലന്‍ എക്കോണമിയിലാണ് താരം ബൗളെറിഞ്ഞത്. മത്സരത്തിലെ താരവും സിറാജായിരുന്നു. ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി മത്സരത്തിലെ താരമാകാനും സിറാജിന് സാധിച്ചിരുന്നു.
ഗുജറാത്തിനെതിരെയുള്ള മത്സരശേഷം സിറാജിനോട് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സിറാജിനെ തെരഞ്ഞെടുക്കാത്തതില്‍ ആര്‍ക്കെങ്കിലും മറുപടി നല്‍കാന്‍ ആഗ്രഹിച്ചിരുന്നോ എന്ന തരത്തില്‍ ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ സിറാജ് വിവാദപരമായ ചോദ്യത്തിന് അത്തരത്തിലുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മറുപടി പറഞ്ഞു.
ഹര്‍ഷ ഭോഗ്ലെ: ആര്‍ക്കെങ്കിലും ഒരു മറുപടി കൊടുക്കാം എന്നൊരു ചിന്ത എപ്പോഴെങ്കിലും നിങ്ങളുടെ മനസില്‍ തോന്നിയിട്ടുണ്ടോ?
മുഹമ്മദ് സിറാജ്: ഇല്ല, ഞാന്‍ അങ്ങനെ ചിന്തിച്ചിരുന്നില്ല. അത് ദൈവത്തിന്റെ തീരുമാനമായിരുന്നു. നിങ്ങള്‍ പുറത്താകുമ്പോള്‍, നിങ്ങള്‍ സ്വയം സംശയിക്കാന്‍ തുടങ്ങും. എന്റെ ബലഹീനതകള്‍ പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചതിനാല്‍ ഒരു ഇടവേള എനിക്ക് നല്ലതായിരുന്നു. നിങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയുന്ന രീതിയില്‍ പന്തെറിയാന്‍ കഴിയുമ്പോള്‍ സന്തോഷം തോന്നുന്നു.
അതേസമയം ഇന്ന് (തിങ്കള്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. മത്സരത്തില്‍ ബുംറ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കരുത്തരായ ഫില്‍ സാള്‍ട്ടിന്റെയും വിരാട് കോഹ്‌ലിയുടേയും പാര്‍ട്ണര്‍ഷിപ്പ് തകര്‍ക്കാനും ശക്തമായി തിരിച്ചുവരാനും ബുംറയ്ക്ക് സാധിക്കുമെന്നും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: IPL2025: Mohammed Siraj replied to Harsha Bhogle’s controversial question