നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. വിഷു റിലീസായി വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത് നടൻ സിജു സണ്ണിയാണ്.
ബേസിൽ, രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മരണമാസിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ടെൻഷനില്ലാതെ ചിരിക്കാൻ പറ്റിയ സിനിമയായിട്ടാണ് തോന്നിയതെന്നും ടൊവിനോ പറയുന്നു. ഈ സിനിമയുടെ ലോജിക് നോക്കുന്നത് ഇൻലോജിക്കാണെന്നും കഥാപാത്രങ്ങൾ മണ്ടൻമാരാണെന്നും അതുകൊണ്ട് ലോജിക്ക് നോക്കുന്നവരാണ് മണ്ടൻമാരാകുക എന്നും ടൊവിനോ കൂട്ടിച്ചേർത്തു. മരണമാസ് പ്രസ് മീറ്റിലാണ് ടൊവിനോ ഇക്കാര്യം സംസാരിച്ചത്.
‘മരണമാസ് സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഒരു ടെൻഷനുമില്ലാതെ കുറച്ച് നേരം ഇരുന്ന് ചിരിക്കാവുന്ന കുറേ തമാശകളുള്ള സിനിമയായിട്ടാണ് തോന്നിയത്. ഈ സിനിമയുടെ ലോജിക് നോക്കുന്നത് ഇൻലോജിക്കാണ് ഈ സിനിമയ്ക്ക്. അങ്ങനെയാണ് ഇതിനെ പ്ലാൻ ചെയ്യുന്നത്. കഥാപാത്രങ്ങൾ മണ്ടൻമാരാണ് അക്കാരണം കൊണ്ട് ലോജിക് നോക്കിയാൽ അതുനോക്കുന്നവരാണ് മണ്ടൻമാരാകുക. അങ്ങനെയൊരു സിനിമയാണ് മരണമാസ്,’ ടൊവിനോ പറയുന്നു.
ചിത്രത്തിൽ ബാബു ആന്റണി, ജോമോൻ ജ്യോതിർ, അലക്സാണ്ടർ പ്രശാന്ത്, ഷൈനി സാറ, ജിയോ ബേബി എന്നിവരും അണിചേരുന്നുണ്ട്. ആക്ഷേപഹാസ്യവും ആനുകാലിക സംഭവങ്ങളും ചില ട്രോളുകളും സിനിമാ റഫറൻസുകളുമെല്ലാം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
Content Highlight: Those who look at the logic of this movie are fools says Tovino Thomas