2020ലെ കുക്കു വിത്ത് കോമാളി എന്ന തമിഴ് കോമഡി-പാചക പരിപാടിയിലൂടെ മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍.
2012ല്‍ പസംഗ എന്ന തമിഴ് ചിത്രത്തിലെ ‘അന്‍ബാലെ അഴകന വീട്’ എന്ന ഗാനത്തിലൂടെയാണ് ശിവാംഗി സിനിമയില്‍ ഗായികയായി എത്തുന്നത്. ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ചും താന്‍ കണ്ട നടന്റെ സിനിമകളെ കുറിച്ചും പറയുകയാണ് ശിവാംഗി.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത്, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, നേരം എന്നീ സിനിമകളെ കുറിച്ചാണ് ശിവാംഗി കൃഷ്ണകുമാര്‍ സംസാരിച്ചത്.
‘നിവിന്‍ പോളിയെ എനിക്ക് ഇഷ്ടമാണ്. തട്ടത്തിന്‍ മറയത്ത്, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. ആ സിനിമകള്‍ ഇഷ്ടമാണ്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടല്ലോ.
കുക്ക് വിത്ത് കോമാളിയുടെ സമയത്ത് ഒരു എപ്പിസോഡില്‍ ദുല്‍ഖര്‍ അവിടെ വന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ ബൈക്കില്‍ കയറിയിരുന്നു (ചിരി).
നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത്, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകള്‍ അല്ലാതെ വേറെയും സിനിമകളുണ്ട്. നിവിന്‍ ചെന്നൈ വരുന്ന ഒരു സിനിമയില്ലേ? വിനീത് ശ്രീനിവാസന്‍ സാറാണ് അത് സംവിധാനം ചെയ്തത്.
ഒരു വടക്കന്‍ സെല്‍ഫി, ആ സിനിമയും എനിക്ക് ഇഷ്ടമാണ്. അതുപോലെ പിസ്ത എന്ന പാട്ടുള്ള സിനിമയും കണ്ടിരുന്നു. നേരം, ആ പടവും ഇഷ്ടമാണ്,’ ശിവാംഗി പറയുന്നു.
ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ ഏതാണെന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. നസ്രിയ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തി വന്‍വിജയമായ ഓം ശാന്തി ഓശാനയെ കുറിച്ചാണ് ശിവാംഗി സംസാരിച്ചത്. ആ സിനിമ കണ്ടപ്പോഴാണ് തനിക്ക് പ്രേമിക്കാന്‍ ഒരു പ്രതീക്ഷ വന്നതെന്നാണ് നടി പറഞ്ഞത്.
Content Highlight: Sivaangi Krishnakumar Talks About Nivin Pauly