Kerala News
'ജമാഅത്തെ ഇസ്‌ലാമി കെ. സുരേന്ദ്രനെ പോലുള്ളവര്‍ക്ക് കുളം കലാക്കാനുള്ള അവസരം നല്‍കി'; കരിപ്പൂരിലെ വഖഫ് പ്രതിഷേധത്തില്‍ സമസ്ത എ.പി വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 05:12 am
Saturday, 12th April 2025, 10:42 am
വഖഫ് സംരക്ഷണ പ്രക്ഷോഭവും ബ്രദര്‍ഹുഡും തമ്മില്‍ എന്താണ് ബന്ധമെന്നും സിറാജ് എഡിറ്റോറിയൽ

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരായ ജമാഅത്തെ ഇസ്‌ലാമിയുടെ സമരത്തെ വിമര്‍ശിച്ച് സമസ്ത എ.പി വിഭാഗം. ജമാഅത്തെ ഇസ്‌ലാമി വഖഫ് നിയമത്തിനെതിരെയെന്ന പേരില്‍ സംഘടിപ്പിച്ച സമരം സോളിഡാരിറ്റിയുടെയും എസ്.ഐ.ഒയുടെയും ആശയപ്രചരണത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് എ.പി വിഭാഗം വിമര്‍ശിച്ചു. മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം.

‘വഖഫ് സംരക്ഷണ പ്രക്ഷോഭവും ബ്രദര്‍ഹുഡും തമ്മില്‍?’ എന്ന തലക്കെട്ടിലാണ് സിറാജിന്റെ എഡിറ്റോറിയല്‍. കഴിഞ്ഞ ദിവസം മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളായ ഹസനൂല്‍ബന്നയുടെയും മുഹമ്മദ് ഖുതുബിന്റെയും ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

ഇതിനെ ചോദ്യം ചെയ്തുള്ളതാണ് സിറാജിന്റെ എഡിറ്റോറിയല്‍. ഈജിപ്തും സൗദിയും യു.എ.ഇയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിങ്ങളെ ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ വഖഫ് നിയമം പാസാക്കിയതെങ്കിലും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമെന്ന നിലയില്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി വഖഫ് നിയമത്തിനെതിരെ രംഗത്തുണ്ടെന്നും സിറാജ് പറഞ്ഞു.

പാര്‍ലമെന്റിലെ വോട്ടെടുപ്പ് വേളയില്‍ ഇന്ത്യാ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്തെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വഖഫ് നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ലക്ഷ്യത്തെ തന്നെ വഴിതിരിച്ചുവിടുന്ന വിവേകശൂന്യതയാണ് ജമാഅത്തെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്ന് ഉണ്ടായതെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളിലും ജമാഅത്തെ സംഘടനകള്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റിയിട്ടുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു. തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കേരളം എന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പോലുള്ളവര്‍ക്ക് വിളിച്ചുപറയാനും കുളം കലാക്കാനുമാണ് ജമാഅത്തെ ഇസ്‌ലാമി അവസരം നല്‍കിയതെന്നും സിറാജ് കുറ്റപ്പെടുത്തി.

സംഘപരിവാറിനും വഖഫ് ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന തീവ്ര ക്രൈസ്തവ സംഘടനകള്‍ക്കും പ്രചാരണായുധങ്ങള്‍ നല്‍കുന്ന നിലപാടാണ് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചതെന്നും എഡിറ്റോറിയലില്‍ പറയുന്നു. യുവജന-വിദ്യാര്‍ത്ഥി സംഘടനകളെ കയറൂരി വിടാതെ നിലയ്ക്ക് നിര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ഇനിയെങ്കിലും തയ്യാറാകണമെന്നും സിറാജ് എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.

വഖഫ് ഭേദഗതി ബില്ല് ഒരു കാരണവശാലും അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു സോളിഡാരിറ്റി-എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സംയുക്തമായി വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ച നേതാക്കളുടെ ചിത്രങ്ങളും പ്രതിഷേധത്തിനായി തെരഞ്ഞെടുത്ത സ്ഥലവും അന്ന് തന്നെ വിവാദമുണ്ടാക്കിയിരുന്നു.

Content Highlight: Samastha AP faction criticizes Jamaat-e-Islami’s protest against Waqf Amendment Act