2025 IPL
കൊല്‍ക്കത്തയ്‌ക്കെതിരെ നാണംകെട്ട തോല്‍വി; കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 05:35 am
Saturday, 12th April 2025, 11:05 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 104 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. മാത്രമല്ല ചെന്നൈ ചെപ്പോക്കില്‍ നേടുന്ന ഏറ്റവും മോശം സ്‌കോറാണിത്. അതിനെപ്പം ചെന്നൈയുടെ ഏറ്റവും വലിയ തോല്‍വിയുമാണിത്. 59 പന്ത് അവശേഷിക്കെയാണ് ചെന്നൈ ഡിഫന്റിങ് ചാമമ്പ്യന്‍മാരോട് പരാജയപ്പെട്ടത്. മത്സര ശേഷം ചെന്നൈയുടെ തോല്‍വിയെക്കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ ധോണി.

ധോണി തോല്‍വിയേക്കുറിച്ച് സംസാരിച്ചത്

‘നമ്മുടെ വഴിക്ക് പോകാത്ത നിരവധി രാത്രികളുണ്ട്. വെല്ലുവിളി ഉണ്ടായിരുന്നു, നമ്മള്‍ വെല്ലുവിളി സ്വീകരിക്കണം. ബോര്‍ഡില്‍ ആവശ്യത്തിന് റണ്‍സ് ഞങ്ങള്‍ക്ക് സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ ഞങ്ങള്‍ പന്തെറിഞ്ഞപ്പോള്‍ ഒന്നും ചെയ്യാനായില്ല. അവര്‍ നന്നായി കളിച്ചു. ഞങ്ങളുടെ ആദ്യ ഇന്നിങസില്‍ നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. പിന്നെ അവരുടെ സ്പിന്നര്‍മാര്‍ വന്നപ്പോള്‍ പരാജയത്തിലേക്ക് നീങ്ങി.

സാഹചര്യങ്ങള്‍ മനസിലാക്കുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളില്‍ ഞങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങള്‍ക്ക് കളിക്കാന്‍ കഴിയുന്ന ഷോട്ടുകള്‍ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്. ഞങ്ങളുടെ ഓപ്പണര്‍മാര്‍ മികച്ചതാണ്, യഥാര്‍ത്ഥ ക്രിക്കറ്റ് ഷോട്ടുകള്‍ ആണ് അവര്‍ കളിക്കുന്നത്.

സ്‌കോര്‍ ബോര്‍ഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഒരു പാട് വലിയ സ്‌കോര്‍ ഒകെ ലക്ഷ്യമാക്കി സമ്മര്‍ദത്തില്‍ കളിച്ചാല്‍ അത് ദോഷം ചെയ്യും. തുടക്കത്തില്‍ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓര്‍ഡര്‍ ചെയ്യേണ്ടത്. മിഡില്‍ ഓവറില്‍ വരുമ്പോള്‍ മധ്യനിര അത് മുതലെടുത്താല്‍ നല്ല സ്‌കോര്‍ നേടാം,’ ധോണി പറഞ്ഞു

Content Highlight: IPL 2025: M.S Dhoni Talking About Big Defeat Against KKR