മുംബൈ: മഹാരാഷ്ട്രയിലെ വാതുവെപ്പുകാരന്റെ മകള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാതുവെപ്പുകാരന്‍ അനില്‍ ജെയ്‌സിംഗാനിയുടെ മകള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സഭയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ആഭ്യന്തര മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷിതത്വമില്ലാത്ത തരത്തില്‍ സംസ്ഥാനത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍ നിലംപതിച്ചെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍ നിയമസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസും വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ കേസില്‍ അമൃത ഫട്‌നാവിസിന്റെ പരാതിയില്‍ അനിക്ഷ ജെയ്‌സിംഗാനിയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അമൃത ഫട്‌നാവിസ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഡിസൈനര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ 2021 മുതല്‍ തനിക്ക് പരിചയമുണ്ടെന്ന് അമൃത പറഞ്ഞു.
ആദ്യ കാലങ്ങളില്‍ വെറും സൗഹൃദം മാത്രമായിരുന്നെന്നും എന്നാല്‍ പിന്നീട് ഇവര്‍ തനിക്ക് വിലകൂടിയ വസ്ത്രങ്ങളും ഡിസൈനര്‍ ജ്വല്ലറികളും സമ്മാനമായി നല്‍കിയെന്നും അമൃത വെളിപ്പെടുത്തി. പിന്നീട് താനുമായുള്ള പരിചയം വെച്ച് ഇവര്‍ തന്റെ അച്ഛനെതിരായ വാതുവെപ്പ് കേസ് അവസാനിപ്പിക്കാനായി തനിക്ക് പണം ഓഫര്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു.
‘2021ലാണ് ഞാന്‍ അനിക്ഷയെ പരിചയപ്പെടുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള ഡിസൈനറാണെന്നാണ് അവര്‍ പറഞ്ഞത്. ആദ്യം വെറും സൗഹൃദം മാത്രമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പിന്നീട് അവരെനിക്ക് വില കൂടിയ വസ്ത്രങ്ങളും ഡിസൈനര്‍ ജ്വല്ലറികളും സമ്മാനമായി നല്‍കി.
അവരുടെ ഡ്രസ് ഞാനിട്ടാല്‍ അതവരുടെ കമ്പനിക്ക് പ്രൊമോഷനായിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് അവരുടെ അച്ഛനെക്കുറിച്ച് എന്നോട് സംസാരിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ മുംബൈയിലെ വാതുവെപ്പുകാരുടെ നമ്പര്‍ ഉണ്ടെന്നും അവരെ പിടികൂടാന്‍ സഹായിക്കാമെന്നും ഇതിലൂടെ ധാരാളം പണം സമ്പാദിക്കാന്‍ കഴിയുമെന്നും പറഞ്ഞു. ഇതോടെ ഞാനവരുമായിട്ടുള്ള കോണ്‍ടാക്ട് നിര്‍ത്താന്‍ തീരുമാനിച്ചു.
വളരെ നാളുകള്‍ കഴിഞ്ഞ് എന്റെ അടുക്കല്‍ വന്ന് അവരുടെ അച്ഛന്‍ അനില്‍ ജയ്‌സിംഗാനിയെ പൊലീസ് വാതുവെപ്പ് കേസില്‍ കുടുക്കിയെന്നും പിതാവിനെ പുറത്തിറക്കിയാല്‍ ഒരു കോടി രൂപ നല്‍കാമെന്നും പറഞ്ഞു. ഞാന്‍ ഉടനെ അവര്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു,’ അമൃത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പ്രതികരിച്ചു. തന്റെ കുടുംബത്തെ മനപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും നിയമ പരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തി. പ്രൊമോഷന്റെ ഭാഗമായി ഡിസൈനര്‍ വസ്ത്രങ്ങളും ജ്വല്ലറികളും നല്‍കിയെന്ന വാദം എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുകയെന്നും 2021ല്‍ സംഭവിച്ച കാര്യങ്ങളില്‍ കേസ് കൊടുക്കാന്‍ എന്തിനിത്ര വൈകിയെന്നുമാണ് ശിവസേന എം.പി പ്രയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തത്.
Content Highlight: protest in maharashtra assembly alleged devendra fadnavis case