ബി. ഉണ്ണികൃഷ്ണനെതിരെയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരെയും പേരെടുത്ത് വിമര്‍ശിച്ചതിന് ശേഷം തനിക്ക് ഒരുപാട് ഭീഷണികള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് നിര്‍മാതാവ് സാന്ദ്ര തോമസ്. ഇനി മുന്നോട്ട് ഒന്നുമില്ലെന്ന തോന്നല്‍ വന്നപ്പോഴാണ് പേരെടുത്ത് വിമര്‍ശിക്കാന്‍ തീരുമാനിക്കുന്നതെന്നും സാന്ദ്ര പറയുന്നു.
തന്റെ വര്‍ക്കിനെയും ജീവനെയും ബാധിക്കുന്ന തരത്തിലാണ് ആളുകള്‍ അറ്റാക്ക് ചെയ്തതെന്നും തന്റെ സുഹൃത്ത് വലയങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. ന്യൂസ് 18 കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പേരെടുത്ത് വിമര്‍ശിച്ചതിന് ശേഷം എനിക്ക് ഒരുപാട് ഭീഷണികള്‍ ഉണ്ടായിരുന്നു. നമ്മളെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തിയ ശേഷം ഇനി ഇതിനപ്പുറത്തേക്ക് ഒന്നുമില്ലെന്ന തരത്തിലുള്ള ഫിലീങ് വന്നപ്പോഴാണ് പേരെടുത്ത് വിമര്‍ശിക്കാന്‍ തീരുമാനിക്കുന്നത്. ഈ വ്യക്തിയാണ് ഉപദ്രവിക്കുന്നത് എന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചത് അവിടെയാണ്.
എന്റെ വര്‍ക്കിനെയും ജീവനെയും ബാധിക്കുന്ന തരത്തിലാണ് അവര്‍ അറ്റാക്ക് ചെയ്തത്. എന്റെ സുഹൃത്ത് വലയങ്ങളെയും വര്‍ക്കിനെയുമാണ് അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. എനിക്ക് രണ്ടോമൂന്നോ തവണ പാനിക്ക് അറ്റാക്ക് വന്നു. എന്നെ ഓരോന്നും മെന്റലി ബാധിക്കാന്‍ തുടങ്ങി. ഇതില്‍ കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥ ആലോചിച്ചു നോക്കൂ.
നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്നോട് ചോദിച്ചത് ഇനി ഇവിടെ സിനിമ ചെയ്യേണ്ടേ എന്നായിരുന്നു. ഇവര്‍ക്കെതിരെ അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുത്താല്‍ സാന്ദ്ര ഇനി എന്ത് ബിസിനസ് ചെയ്യുമെന്നും ചോദിച്ചു. പിന്നെ സിനിമ ചെയ്യണമെന്ന് ആഗ്രഹമില്ലേയെന്നും ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലേയെന്ന് പോലും ചോദിച്ചു.
എല്ലാവരും പ്രബലന്മാരാണ്. എല്ലാവരും പല രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുള്ളവരാണ്. മറ്റ് സ്ത്രീകള്‍ ഒരു വ്യക്തിക്ക് എതിരെയാണ് പരാതികള്‍ കൊടുത്തിരിക്കുന്നത്. എന്റേത് അങ്ങനെയല്ല. എനിക്ക് ഒരിക്കലും സിനിമ ചെയ്യാന്‍ പറ്റില്ല, എന്നെ ഒരിക്കലും ജോലി ചെയ്യാന്‍ സമ്മതിക്കില്ല എന്നുള്ള കാര്യങ്ങള്‍ അടിവരയിട്ട് പറയുന്ന രീതിയിലാണ് പലരും വിളിച്ച് എന്നെ ഭീഷണിപ്പെടുത്തുന്നത്.
അതിനെ കുറിച്ച് മീഡിയയില്‍ പറയാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. കാരണം എനിക്ക് പ്രശ്‌നം വരാന്‍ പോകുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നാകില്ല. എനിക്ക് മറ്റൊരു അസോസിയേഷനില്‍ നിന്നാകും പ്രശ്‌നങ്ങള്‍ വരുന്നത്. എന്നോട് ചിലപ്പോള്‍ ആര്‍ട്ടിസ്റ്റുകളും ഫെഫ്ക്കയും സഹകരിക്കാതെയിരിക്കാം. എന്റെ സിനിമകള്‍ തിയേറ്ററുകളിലേക്ക് എത്തിക്കാതെ വരും,’ സാന്ദ്ര തോമസ് പറയുന്നു.
Content Highlight: Producer Sandra Thomas says that she received many threats after criticizing B Unnikrishnan and producer Suresh Kumar by name