Advertisement
Entertainment
കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നു; ഇപ്പോള്‍ കൂടെ അഭിനയിക്കുന്നു: പ്രിയങ്ക അരുള്‍ മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 07, 06:21 am
Sunday, 7th January 2024, 11:51 am

ചുരുക്കം സിനിമകള്‍ കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന നായികയാണ് പ്രിയങ്ക അരുള്‍ മോഹന്‍. 2019ല്‍ ‘ഒന്തു കഥേ ഹെള്ള’ എന്ന കന്നഡ ചിത്രത്തലൂടെ സിനിമാലോകത്തേക്ക് വന്ന പ്രിയങ്ക അതേ വര്‍ഷം തന്നെ നാനിയുടെ ‘ഗ്യാങ് ലീഡര്‍’ എന്ന  തെലുങ്ക് ചിത്രത്തിലും നായികയായി. ‘ഡോക്ടര്‍’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലറാണ് പ്രിയങ്കയുടെ പുതിയ ചിത്രം. ധനുഷാണ് സിനിമയിലെ നായകന്‍. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.


ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന പ്രിയങ്ക ശിവരാജ് കുമാറുമൊന്നിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ‘ഞാന്‍ കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം വലിയ സ്റ്റാറാണ്. ഇപ്പോഴും സ്റ്റാറാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഒരു സ്റ്റാര്‍ എന്നതിലുപരി ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓറ എവിടെ ചെന്നാലും കൂടെയുണ്ടാകും. അങ്ങനെയുള്ള ഒരാളോടൊപ്പം വര്‍ക്ക് ചെയ്യുക, അദ്ദേഹത്തോട് സംസാരിക്കുക എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ വിഷയമാണ്.


ബ്രിട്ടീഷ് ഭരണകാലത്ത് നടക്കുന്ന കഥയാണ് ക്യാപ്റ്റന്‍ മില്ലറിന്റേത്. ഇപ്പോഴത്തെ ജനറേഷനില്‍ നിന്ന് വ്യത്യസ്തമായ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ടാണ് സെറ്റില്‍ കയറുന്നത്. അതെല്ലാം എന്നെ സംബന്ധിച്ച് പുതിയ കാര്യമായിരുന്നു. ആദ്യത്തെ രണ്ടുമൂന്നു ദിവസം അതുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തു’  പ്രിയങ്ക പറഞ്ഞു. പവന്‍ കല്യാണ്‍ നായകനായ ഓ.ജി യാണ് പ്രിയങ്ക ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

 


ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയെറ്ററുകളിലെത്തുന്നത്. ജി.വി പ്രകാശ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനിയാണ്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അരുണ്‍ ത്യാഗരാജനുമാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Priyanka Mohan about Shivaraj Kumar