Entertainment
ഇന്നും ബോറടിക്കാതെ കാണാനാകുന്ന മോഹന്‍ലാല്‍ ചിത്രം; വളരെ റിലാക്‌സ്ഡായി ഇരുന്ന് കാണാം: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 21, 03:37 am
Friday, 21st February 2025, 9:07 am

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് നടി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ നടിക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വളരെ റിലാക്‌സ്ഡായി ഇരുന്ന് കാണാന്‍ ആഗ്രഹിക്കുന്ന മലയാള സിനിമ ഏതാണെന്ന് പറയുകയാണ് പ്രിയാമണി.

മറ്റൊന്നും കാണാനില്ലെങ്കില്‍ ഉടനെ തന്നെ താന്‍ കാണുന്ന സിനിമയാണ് മണിച്ചിത്രത്താഴ് എന്നാണ് നടി പറയുന്നത്. ആ സിനിമ ഏത് സമയത്താണെങ്കിലും കാണാന്‍ ഇഷ്ടമാണെന്നും ബോറടിക്കാതെ ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമയാണ് മണിച്ചിത്രത്താഴെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ വളരെ റിലാക്‌സ്ഡായി ഇരുന്ന് കാണാന്‍ ആഗ്രഹിക്കുന്ന മലയാള സിനിമയാണ് മണിച്ചിത്രത്താഴ്. ആ സിനിമ ഏത് സമയത്താണെങ്കിലും കാണാന്‍ എനിക്ക് ഇഷ്ടമാണ്. ആ സിനിമ ഇപ്പോള്‍ ഒ.ടി.ടിയിലുണ്ട്.

അതില്‍ വലിയ സന്തോഷമുണ്ട് എനിക്ക്. ബോറടിക്കാതെ ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. വേറെയൊന്നും കാണാന്‍ ഇല്ലെങ്കില്‍ ഉടനെ തന്നെ ഞാന്‍ കാണുന്ന സിനിമയാണ് അത്,’ പ്രിയാമണി പറഞ്ഞു.

സിനിമയില്‍ താന്‍ ഇപ്പോള്‍ ഏറെ മിസ് ചെയ്യുന്ന ആള്‍ ആരാണെന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. സംവിധായകനും ക്യാമറാമാനുമായ ബാലു മഹേന്ദ്രയെ കുറിച്ചാണ് പ്രിയാമണി പറഞ്ഞത്. അദ്ദേഹം അത്രയേറെ ബ്രില്ല്യന്റായ ഒരു ടെക്‌നീഷ്യനും ക്യാമറാമാനും സംവിധായകനുമാണെന്നാണ് നടി പറയുന്നത്.

‘ഞാന്‍ ഇപ്പോള്‍ ഏറെ മിസ് ചെയ്യുന്ന ആളാണ് ബാലു മഹേന്ദ്ര സാര്‍. അതിന് ഒരൊറ്റ കാരണമേയുള്ളൂ. അദ്ദേഹം അത്രയേറെ ബ്രില്ല്യന്റായ ഒരു ടെക്‌നീഷ്യനാണ്, മികച്ച ക്യാമറാമാനാണ്. ഒരു മികച്ച സംവിധായകന്‍ കൂടിയാണ്. എന്നെ എപ്പോഴും ഒരു മകളെ പോലെയാണ് അദ്ദേഹം കാണാറുള്ളത്.

തമിഴില്‍ ‘പൊണ്ണ്’ എന്ന് പറഞ്ഞാല്‍ ഗേള്‍ എന്നാണ് അര്‍ത്ഥം. എപ്പോഴും അദ്ദേഹം എന്നെ വിളിക്കുക ‘ഹേയ് പൊണ്ണേ ഇങ്ക വാ’ എന്ന് പറഞ്ഞാണ്. എന്നെ മകളെ പോലെ കണ്ടിട്ടാണ് അങ്ങനെ വിളിക്കുന്നത്. അദ്ദേഹം ഏത് വര്‍ഷമാണ് മരിച്ചതെന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മയില്ല.

എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷമായിരുന്നു മരിച്ചതെന്ന് തോന്നുന്നു. കാരണം ആ അവാര്‍ഡ് കിട്ടിയതിന് ശേഷം ഭാരതിരാജ സാറിനെയും ബാലു മഹേന്ദ്ര സാറിനെയും വിളിച്ച് സംസാരിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani Talks About Mohanlal’s Manichithrathazhu Movie