Advertisement
Entertainment
ആ സിനിമ ഇതുവരെ കഴിഞ്ഞില്ലേ എന്ന് ചിരഞ്ജീവി സാര്‍ ചോദിച്ചു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 24, 03:50 am
Sunday, 24th March 2024, 9:20 am

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഇത്രയും കാലം നീണ്ടുനിന്ന സിനിമ കണ്ട് പലരും അത്ഭുതപ്പെട്ടിരുന്നെന്ന് പൃഥ്വി പറഞ്ഞു. ചിരജ്ഞീവിയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും ആടുജീവിതം കാരണം നടന്നില്ലെന്നും, പിന്നീട് ലൂസിഫര്‍ തെലുങ്കിലേക്ക് സംവിധാനം ചെയ്യാന്‍ ചിരജ്ഞീവി ക്ഷണിച്ചപ്പോഴും ആടുജീവിതത്തിന്റെ തിരക്കിലായിരുന്നെന്നും താരം പറഞ്ഞു.

‘ ഈ സിനിമ കമ്മിറ്റ് ചെയ്ത ശേഷമാണ് എന്റെ കല്യാണം കഴിയുന്നതും ഞാനൊരു അച്ഛനാകുന്നതും. എന്റെ മകള്‍ വളര്‍ന്നത് ഞാന്‍ ഈ സിനിമ ചെയ്യുന്നത് കണ്ടുകൊണ്ടാണ്. ഒരുപാട് കാര്യങ്ങള്‍ ഈ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് ചിരജ്ഞീവി സാറുമായുള്ള അനുഭവമാണ്.

2015-2016 സമയത്ത് ചിരജ്ഞീവി പുള്ളിയുടെ പുതിയ പടമായ സൈറാ നരസിംഹ റെഡ്ഡിയിലേക്ക് എന്നെ ഒരു പ്രധാന കഥാപാത്രമായി വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സോറി സാര്‍, ഇപ്പോള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് വലിയ പ്രൊസസ്സാണ് അത്. താടി വളര്‍ത്തുകയും വെയിറ്റ് കുറക്കുകയുമൊക്കെ വേണം. അപ്പോള്‍ രണ്ട് സിനിമയും ഒരേ സമയം ചെയ്തു തീര്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അദ്ദേഹം ഓകെ പറഞ്ഞു.

പിന്നീട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ സൈറ റിലീസിന് തയാറായി. അതിന്റെ പ്രൊമോഷന്റെ ഭാഗമായി അവര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഞാനായിരുന്നു ആ പരിപാടിയുടെ ഗസ്റ്റ്. അന്ന് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ ഹിറ്റായിരിക്കുന്ന സമയമായിരുന്നു. ആ ചടങ്ങില്‍ വെച്ച് ചിരജ്ഞീവി സാര്‍, ലൂസിഫര്‍ തെലുങ്കില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നോട് അത് സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.

അപ്പോഴും ഞാന്‍ പറഞ്ഞത്, സാര്‍, ഞാന്‍ ഇതുപോലെ വലിയൊരു സിനിമ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. വളരെ വലിയൊരു പ്രൊസസ്സാണത് എപ്പോള്‍ തീരുമെന്ന് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ‘ഇത് അന്നു പറഞ്ഞ അതേ സിനിമയല്ലേ? ഇത്രയും കാലമായിട്ടും ഇത് തീര്‍ന്നില്ലേ എന്ന് തമാശരൂപത്തില്‍ അദ്ദേഹം ചോദിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj share the experience with Chiranjeevi during Aadujeevitham