ഞാന്‍ ഗ്യാരണ്ടി, ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുതിയത് വാങ്ങിച്ച് തരാം; മുന്നറിയിപ്പ് അവഗണിച്ച് ബ്ലെസി ചേട്ടന്‍ ഷൂട്ടിനിറങ്ങി
Movie Day
ഞാന്‍ ഗ്യാരണ്ടി, ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുതിയത് വാങ്ങിച്ച് തരാം; മുന്നറിയിപ്പ് അവഗണിച്ച് ബ്ലെസി ചേട്ടന്‍ ഷൂട്ടിനിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 2:23 pm

ആടുജീവിതത്തില്‍ ഉപയോഗിച്ച വി.എഫ്.എക്‌സിനെ കുറിച്ചും യഥാര്‍ത്ഥ സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മരുഭൂമിയിലുള്ള വിഷപ്പാമ്പുകളെ കുറിച്ചും സാന്റ് സ്റ്റോമിനെ കുറിച്ചുമൊക്കെ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി. മരുഭൂമിയില്‍ വിഷപ്പാമ്പിനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.

‘ നിങ്ങള്‍ ആരുടെ സിനിമയെ കുറിച്ചാ ഈ ചോദിക്കുന്നത്. ബ്ലെസി ചേട്ടന്റെ സിനിമയെ കുറിച്ച് തന്നെയല്ലേ. ട്രെയിലറില്‍ നിങ്ങള്‍ കാണുന്ന പാമ്പ് ഒറിജിനലാണ്. വി.എഫ്.എക്‌സില്‍ മള്‍ട്ടിപ്ലിക്കേഷന്‍ ചെയ്തിട്ടുണ്ട്. നാലോ അഞ്ചോ ഒറിജിനല്‍ പാമ്പുകളുണ്ടായിരുന്നു. അതിനെ വി.എഫ്.എക്‌സില്‍ മള്‍ട്ടിപ്ലൈ ചെയ്യുകയായിരുന്നു.

ക്ലോസപ്പില്‍ ഒറിജിനല്‍ പാമ്പാണ്. ആര്‍ട് ഡയറക്ടര്‍ പ്രശാന്താണ് ഒരു ആനിമല്‍ ട്രെയ്‌നറെ കണ്ടെത്തി പാമ്പിനെ എത്തിച്ചത്. സൈഡ് വൈന്‍ഡര്‍ എന്നോ മറ്റോ ആണ് ആ പാമ്പിന്റെ പേര്. പുള്ളിക്കാരന്‍ നാലോ അഞ്ചോ പാമ്പുകളെ കൊണ്ടുവന്നു.

വാദിറമ്മില്‍ ഷൂട്ട് ചെയ്ത സമയത്ത് മഴ വന്നാല്‍ രണ്ട് മൂന്ന് മിനുട്ടിനുള്ളില്‍ ഹെയ്ല്‍സ്റ്റോം ഉണ്ടാകും. അതുപോലെ ട്രെയിലറില്‍ കാണുന്ന സാന്റ്‌സ്‌റ്റോം സീക്വന്‍സ്. പുസ്തകം വായിച്ചവര്‍ക്ക് അറിയാം. അത് ഷൂട്ട് ചെയ്യാന്‍ വേണ്ടി അതിന്റെ കുറേ മെഷിനറി ഉണ്ട്. അതൊക്കെ അറേഞ്ച് ചെയ്തിരുന്നു. പക്ഷേ ആ സമയത്ത് അത് എടുക്കാന്‍ പറ്റിയില്ല.

നമുക്ക് വെതര്‍ അലേര്‍ട്ട് കിട്ടും. സാന്റ്‌സ്റ്റോം അലേര്‍ട്ട് ഉണ്ടെങ്കില്‍ ഷൂട്ട് ചെയ്യാന്‍ പാടില്ല. ഡെസേര്‍ട്ട് കാമ്പില്‍ നിന്ന് ഇറങ്ങാതെ ഷൂട്ടിങ് കാന്‍സല്‍ ആയ ദിവസങ്ങള്‍ ഉണ്ട്. അവസാനം സാന്റ്‌സ്റ്റോം സീക്വന്‍സ് എടുക്കേണ്ട ദിവസമെത്തി.

ആ സമയത്താണ് ഞങ്ങള്‍ക്ക് വെതര്‍ അലേര്‍ട്ട് കിട്ടുന്നത്. ഉടന്‍ തന്നെ ബ്ലെസിയേട്ടന്‍ എന്നാല്‍ പിന്നെ നമുക്ക് ഒറിജിനല്‍ സാന്റ്‌സ്റ്റോമില്‍ അങ്ങ് എടുത്താലോ എന്നായി.

സ്വാഭാവികമായും ക്യാമറാ ടീം അതിനെ എതിര്‍ത്തു. സാര്‍ ക്യാമറ പുറത്തിറക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ബ്ലെസി ചേട്ടന്‍ വാശിയായി. ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുതിയ ക്യാമറ വാങ്ങിച്ചു തരുമെന്ന് പറഞ്ഞു.

സിനിമയില്‍ നിങ്ങള്‍ കാണുന്ന സാന്റ്‌സ്റ്റോം സീക്വന്‍സ് മുഴുവന്‍ ഒറിജിനല്‍ ആണെന്ന് ഞാന്‍ ക്ലെയിം ചെയ്യില്ല. അതില്‍ വി.എഫ്.എക്‌സും സി.ജി.ഐയും പ്രാക്ടികല്‍ ഇഫക്ടും എല്ലാം ഉണ്ട്. പക്ഷേ ഞാനും ജിമ്മിയുമൊക്കെയുള്ള ഷോട്ടുകളില്‍ കുറച്ചധികം വി.എഫ്.എക്‌സ് ഇല്ലാതെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about the vfx and cgi used on aadujeevitham