ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം നിലനില്‍ക്കെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഏകകണ്ടമായി ബി.ജെ.പിക്കെതിരെ പൊരുതുക എന്ന ലക്ഷ്യമാണ് ഇക്കുറി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. സഖ്യം ചേര്‍ന്ന് ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ദല്‍ഹിയിലെത്തിയിരുന്നു. കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാമെന്ന് മമത അറിയിച്ചു.
സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, എന്‍.സി.പി തുടങ്ങി നിരവധി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.
ഏറെക്കാലത്തെ രാഷ്ട്രീയ അനുഭവമുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാം എന്ന ആലോചന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഈ തീരുമാനം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങല്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ എ.എ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കും. ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിത്വം നിരസിച്ചാല്‍ മറ്റ് സാധ്യതകളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി എ.എ.പി ചര്‍ച്ച നടത്തിയേക്കും.