Entertainment
ആ ഷോട്ട് 24 തവണ റിഹേഴ്‌സല്‍ ചെയ്തപ്പോഴും മോഹന്‍ലാല്‍ ക്ഷമയോടെ നിന്നു, എനിക്ക് അത് വലിയൊരു പാഠമായിരുന്നു: പ്രകാശ് രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 15, 12:41 pm
Saturday, 15th February 2025, 6:11 pm

ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് പ്രകാശ് രാജ്. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ പ്രകാശ് രാജ് തമിഴിലൂടെയാണ് ശ്രദ്ധേയനായത്. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. അഞ്ച് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ പ്രകാശ് രാജ് സംവിധാനത്തിലും നിര്‍മാണത്തിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയനിലപാടുകള്‍ കൊണ്ടും പ്രകാശ് രാജ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് പ്രകാശ് രാജ്. താന്‍ സിനിമയിലെത്തിയതിന്റെ ആദ്യകാലത്താണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു. മോഹന്‍ലാലിന്‍രെ അഭിനയമെല്ലാം കണ്ടാണ് താന്‍ വളര്‍ന്നതെന്നും താന്‍ സിനിമയിലെത്തിയ സമയത്ത് അദ്ദേഹം വലിയ നടനായിരുന്നെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

ആദ്യത്തെ ഷോട്ട് മോഹന്‍ലാലിനൊപ്പം നടക്കുന്ന ലോങ് ഷോട്ട് ആയിരുന്നെന്നും അതിന് റിഹേഴ്‌സല്‍ വേണ്ടിവന്നെന്നും പ്രകാശ് രാജ് പറഞ്ഞു. 24 തവണ അത് ചെയ്ത് നോക്കിയെന്നും അത്രയും തവണ മോഹന്‍ലാല്‍ തന്റെ കൂടെ നിന്നെന്നും പ്രകാശ് രാജ് പറയുന്നു. തനിക്ക് അത് വലിയൊരു പാഠമായിരുന്നെന്നും തന്നെ പുതിയ നടനായിട്ടല്ലായിരുന്നു മോഹന്‍ലാല്‍ കണ്ടതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ സംബന്ധിച്ച് അഭിനയമാണ് എല്ലാമെന്നും അതിലേക്ക് വളരെ ഈസിയായാണ് അദ്ദേഹം ഇറങ്ങിച്ചെല്ലാറുള്ളതെന്നും പ്രകാശ് രാജ് പറയുന്നു. സ്വന്തം അഭിനയത്തെപ്പറ്റി മോഹന്‍ലാലിന് ആകുലതകളില്ലെന്നും ഒപ്പം അഭിനയിക്കുന്നവരെ ഈക്വലായി കാണുന്ന നടനാണ് അദ്ദേഹമെന്നും പ്രകാശ് രാജ് പറഞ്ഞു. അത്തരം അഭിനേതാക്കളുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുമ്പോള്‍ നമ്മുടെ അഭിനയവും മെച്ചപ്പെടുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ബാബു രാമചന്ദ്രനുമായി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

‘ഞാന്‍ സിനിമയിലെത്തിയ സമയത്ത് തന്നെ മോഹന്‍ലാല്‍ വലിയൊരു നടനാണ്. അദ്ദേഹത്തിന്റെ അഭിനയമൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ തുടക്കകാലത്താണ് ഞാന്‍ മോഹന്‍ലാലുമൊത്ത് ആദ്യമായി അഭിനയിക്കുന്നത്. ആദ്യത്തെ ഷോട്ട് തന്നെ മോഹന്‍ലാലിനൊപ്പം നടക്കുന്ന ഒരു ലോങ് ഷോട്ടാണ്. അതിന് വേണ്ടി ഞാന്‍ റിഹേഴ്‌സല്‍ നടത്തി. 24 തവണ അത് ചെയ്യേണ്ടി വന്നു.

ആ 24 തവണയും അദ്ദേഹം എന്റെ കൂടെ റിഹേഴ്‌സല്‍ ചെയ്തു. എനിക്ക് അത് വലിയൊരു പാഠമായിരുന്നു. എന്നെ പുതിയൊരു നടനായിട്ടല്ല അദ്ദേഹം കണ്ടത്. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും വലിയ ക്വാളിറ്റിയാണത്. ഒരു നടന്‍ എന്ന നിലയില്‍ സ്വന്തം ആക്ടിങ്ങിനെപ്പറ്റി യാതൊരു ആകുലതയും അദ്ദേഹത്തിനില്ല. കൂടെ അഭിനയിക്കുന്നവരെ ഈക്വലായാണ് അദ്ദേഹം കാണുന്നത്. ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ ആക്ടിങ്ങും അതിലൂടെ ഇംപ്രൂവാകും,’ പ്രകാശ് രാജ് പറഞ്ഞു.

Content Highlight: Prakash Raj shares the shooting experience with Mohanlal