വിശ്വഭാരതി സര്‍വകലാശാലയില്‍ പ്രഭാത് പട്‌നായിക്കിന്റെ പ്രഭാഷണത്തിന് വിലക്ക്
India
വിശ്വഭാരതി സര്‍വകലാശാലയില്‍ പ്രഭാത് പട്‌നായിക്കിന്റെ പ്രഭാഷണത്തിന് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2020, 12:53 pm

 

ന്യൂദല്‍ഹി: സാമ്പത്തിക വിദഗ്ധനും അധ്യാപകനുമായ പ്രഭാത് പട്‌നായിക്കിന്റെ പ്രഭാഷണം റദ്ദാക്കി പശ്ചിമബംഗാളിലെ വിശ്വ ഭാരതി കേന്ദ്ര സര്‍വകലാശാല. സമ്പദ് വ്യവസ്ഥയും ഫാസിസവും എന്ന വിഷയത്തില്‍ മാര്‍ച്ച് 12 ന് നടത്താനിരുന്ന പ്രഭാഷണമാണ് സര്‍വകലാശാല അധികൃതര്‍ റദ്ദാക്കിയത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരന്തരം രംഗത്തെത്തുന്ന വ്യക്തി കൂടിയാണ് പട്‌നായിക്.

സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര-രാഷ്ട്രതന്ത്ര വിഭാഗം യു.ജി.സി പദ്ധതിയുടെ ഭാഗമായിരുന്നു പ്രഭാഷണം. എന്നാല്‍ വി.സിയുടെ നിര്‍ദേശപ്രകാരം പരിപാടി മാറ്റിവെക്കുകയായിരുന്നു.

”സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു പ്രഭാഷണം നടത്താനും അതിനെ ഫാസിസവുമായി ബന്ധിപ്പിക്കാനുമായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടി നീട്ടിവെച്ചതായി അറിയിച്ച് ആരോ എന്നെ ഫോണില്‍ വിളിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഞാന്‍ അവര്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. പരിപാടി ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് അവര്‍ മറുപടി തന്നത്”,ദി ടെലഗ്രാഫിനോട് പ്രഭാത് പട്‌നായിക് പ്രതികരിച്ചു.

മാര്‍ച്ച് 12ാം തിയതിയായിരുന്നു കേന്ദ്രസര്‍വകലാശാലയുടെ എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ ഡിപാര്‍ട്‌മെന്റ് പ്രഭാത് പട്‌നായികിനെ പ്രഭാഷണത്തിനായി ക്ഷണിച്ചത്. എന്നാല്‍ പ്രഭാഷണം നിര്‍ത്തിവെക്കാന്‍ പിന്നീട് ഡിപാര്‍ട്‌മെന്റ് പഠന സമിതി തീരുമാനിക്കുകയായിരുന്നു.

”പ്രഭാഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പരിപാടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ രംഗത്തെത്തി. പുതിയ തിയ്യതിയും നല്‍കിയില്ല”, എന്നാണ് വാഴ്‌സിറ്റി വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിശ്വഭാരതി വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി തയ്യാറായില്ല. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പൊതുവേ നടക്കുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ അതിന് ഉത്തരവാദികളല്ലെന്നുമായിരുന്നു വാഴ്‌സിറ്റി വൃത്തങ്ങള്‍ അറിയിച്ചത്.

പട്‌നായിക്കിന്റെ പ്രഭാഷണം നിര്‍ത്തിവയ്ക്കാന്‍ വാഴ്‌സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററോട് നിര്‍ദ്ദേശിച്ചതായാണ് തങ്ങള്‍ക്ക് ലഭിച്ചവിവരമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

”കേന്ദ്രത്തിന്റെ പ്രത്യേക ഫണ്ട് വെച്ചാണ് ഇത്തരം പരിപാടികള്‍ ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. ഞങ്ങളുടെ പ്രോഗ്രാം മാര്‍ച്ച് 12 നായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഒരു പുതിയ തീയതി നേടാന്‍ ഇനി കഴിയില്ല. അടുത്ത സാമ്പത്തിക വര്‍ഷം ചെയ്യുകയാണെങ്കില്‍ തന്നെ ഞങ്ങള്‍ക്ക് ഫണ്ടുകള്‍ക്കായി കാത്തിരിക്കേണ്ടിവരും, അതിനര്‍ത്ഥം ഇത് അനിശ്ചിതമായി നീണ്ടുപോകുമെന്നാണ്”, വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”കൊല്‍ക്കത്തയിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതില്ലെന്ന് പട്‌നായിക്കിനോട് പറയുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. സര്‍വകലാശാലയിലെ ഉന്നതരില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദ്ദേശം വന്നത്”, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു.

എന്നാല്‍ വിഷയത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ അവധിയിലാണെന്നുമാണ് പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥനും വിശ്വഭാരതിയിലെ വക്താവുമായ അനിര്‍ബാന്‍ സിര്‍കാര്‍ പറഞ്ഞത്.

കഴിഞ്ഞ മാസം രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ സ്വപന്‍ ദാസ് ഗുപ്ത പൗരത്വ നിയവുമായി ബന്ധപ്പെട്ട് വാഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണ പരിപാടിക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വാഴ്‌സിറ്റിയില്‍ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ