ഇത്രയും കാലത്തിനിടക്ക് രജിനിക്കും വിജയ്ക്കും കേരളാ ബോക്‌സ് ഓഫീസില്‍ സാധിക്കാത്തത് ഇങ്ങേര് പുഷ്പം പോലെ തൂക്കി, യാര് സാമീ നീങ്ക?
Film News
ഇത്രയും കാലത്തിനിടക്ക് രജിനിക്കും വിജയ്ക്കും കേരളാ ബോക്‌സ് ഓഫീസില്‍ സാധിക്കാത്തത് ഇങ്ങേര് പുഷ്പം പോലെ തൂക്കി, യാര് സാമീ നീങ്ക?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 5:35 pm

ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് നിര്‍ത്താതെ മുന്നേറുകയാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രഭാസാണ് നായകന്‍. 600 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 850 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഈ വര്‍ഷം ഏറ്റവമധികം കളക്ഷന്‍ നേടുന്ന സിനിമ എന്ന നേട്ടവും കല്‍ക്കി സ്വന്തമാക്കി.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രം ഇതിനോടകം 20 കോടിക്കു മുകളില്‍ കളക്ഷന് നേടി. ഇതോടെ മറ്റൊരു അന്യഭാഷാ നടനും ഇല്ലാത്ത അപൂര്‍വ റെക്കോഡാണ് പ്രഭാസ് നേടിയത്. കേരളാ ബോക്‌സ് ഓഫീസില്‍ രണ്ട് തവണ 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ആദ്യതാരമായി റിബല്‍ സ്റ്റാര്‍ മാറി.

വിജയ്, രജിനികാന്ത്, കമല്‍ ഹാസന്‍, യഷ് എന്നിവരുടെ ഓരോ സിനിമ മാത്രമാണ് ഇതുവരെ കേരളത്തില്‍ നിന്ന് 20 കോടിക്ക് മുകളില്‍ നേടിയിട്ടുള്ളത്. 2017ല്‍ റിലീസായ ബാഹുബലി 2വിലൂടെയാണ് പ്രഭാസ് ആദ്യമായി കേരളത്തില്‍ നിന്ന് 20 കോടിക്ക് മുകളില്‍ നേടിയത്. ഇന്നും കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രം ബാഹുബലി തന്നെയാണ്.

പ്രശാന്ത് നീല്‍- യഷ് എന്നിവരൊന്നിച്ച കെ.ജി.എഫ് 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്. വിജയ്- ലോകേഷ് ചിത്രം ലിയോ മൂന്നാം സ്ഥാനത്തും, രജിനി- നെല്‍സണ്‍ ഒന്നിച്ച ജയിലര്‍ നാലാം സ്ഥാനത്തുമുണ്ട്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ അന്യഭാഷാ സിനിമയും കല്‍ക്കി തന്നെയാണ്.

ബാഹുബലിക്ക് ശേഷം വന്ന പ്രഭാസ് സിനിമകളൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. കല്‍ക്കിയിലൂടെ താരത്തിന്റെ ഗംഭീര തിരിച്ചുവരവിനാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. പ്രഭാസിന് പുറമെ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികാ പദുകോണ്‍, ശോഭന, ശാശ്വതാ ചാറ്റര്‍ജി, അന്നാ ബെന്‍, പശുപതി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlight: Prabhas became the first actor with two 20 crore plus movies movies in Kerala Box Office