കൊച്ചി: വെള്ളാപ്പള്ളി ബന്ധം ഈഴവ വോട്ട് ഏകീകരണം ഉണ്ടാക്കില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍.
എല്ലാ ഈഴവരും എസ്.എന്‍.ഡി.പിക്കാരോ ബി.ജെ.പിക്കാരോ ആയിരിക്കില്ല. അതുകൊണ്ട് തന്നെ അനുഭാവികളുടെ വോട്ട് മാത്രമേ കിട്ടുകയുള്ളൂവെന്നും മുകുന്ദന്‍ പറയുന്നു.
ബി.ജെ.പി നേതാക്കള്‍ സുഖഭോഗങ്ങളില്‍ മുഴുകിയ മക്കളെപ്പോലെയാണ് കഴിയുന്നത്. കാരണവന്‍മാര്‍ അധ്വാനിച്ചതാണ് അവര്‍ അനുഭവിക്കുന്നത്. അക്കാര്യം മറക്കരുത്.
പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.
കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന നേമം നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പി.പി മുകുന്ദന്‍ അറിയിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
പത്തു കൊല്ലം മുന്‍പ് ബി.ജെ.പിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും പുറത്താക്കപ്പെട്ട മുകുന്ദന്‍ തിരിച്ചു വരവിനു ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം വേണ്ട പരിഗണന നല്‍കിയില്ലെന്നും ആരോപണമുണ്ടായിരുന്നു.
ബി.ജെ.പി വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ പ്രസിഡന്റ് ആയ ശേഷം ഉദാര സമീപനം സ്വീകരിക്കാന്‍ തീരുമാനിച്ചെങ്കിലും മുകുന്ദന്റെ കാര്യത്തില്‍ അനുകൂലമായ നടപടിയൊന്നും എടുത്തിരുന്നില്ല.
ബി.ജെ.പി വിട്ട് ജനപക്ഷം പാര്‍ട്ടി ഉണ്ടാക്കിയ കെ.രാമന്‍ പിള്ളയെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുത്തിരുന്നു. പാര്‍ട്ടി പിരിച്ചുവിട്ടാണ് രാമന്‍പിള്ള തിരിച്ചു വന്നത്.പുറത്താക്കുമ്പോള്‍ കേരള ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ആയിരുന്നു മുകുന്ദന്‍. ആര്‍.എസ്.എസ് നോമിനി ആയാണ് അദ്ദേഹം ഈ പദവിയില്‍ വന്നത്.