Advertisement
Kerala News
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അക്രമിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 02, 01:38 pm
Tuesday, 2nd April 2019, 7:08 pm

തിരുവനന്തപുരം: തൊളിക്കോട് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അക്രമിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. ഇയാല്‍ കുറ്റം സമ്മതിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ പ്രതി ഒരു മാസത്തിന് ശേഷമാണ് പൊലീസ് പിടിയിലാവുന്നത്. മധുരയില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി.

ALSO READ: ശിവസേന ബി.ജെ.പിയെ ചതിക്കില്ല, ബി.ജെ.പി ഞങ്ങളെയും വഞ്ചിക്കരുത്: ഉദ്ധവ് താക്കറെ

ഇവിടെ വച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ ചോദ്യം ചെയ്തപ്പോള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

ഖാസിമിനെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

അക്രമത്തിന് ഇരയായ പെണ്‍കുട്ടി ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ തന്നെ തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മകളെ വിട്ടുകിട്ടാന്‍ അമ്മ നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിയിരുന്നു. തുടര്‍ന്നാണ് വിധി വരുന്നതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിട്ടത്.