Sports News
ഡെന്‍മാര്‍ക്കിനെ മലര്‍ത്തിയടിച്ച് റോണോയും കൂട്ടരും; ഇനി സെമി ഫൈനല്‍ പോരാട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 24, 05:53 am
Monday, 24th March 2025, 11:23 am

നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗലിന് വമ്പന്‍ വിജയം. ഈസ്റ്റഡിയോ ജോസ് അല്‍വലാഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പട വിജയിച്ചുകയറിയത്.

ഫ്രാന്‍സിസ്‌കോ ട്രിങ്കോയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് പോര്‍ച്ചുഗല്‍ വലിയ ലീഡില്‍ വിജയിച്ചത്. ഇതോടെ പോര്‍ച്ചുഗലിന് സെമി ഫൈനലിലേക്ക് മുന്നേറാനും സാധിച്ചു. 38ാം മിനിട്ടില്‍ ഡെന്‍മാര്‍ക്കിന്റെ ജോച്ചിം ആന്‍ഡേഴ്‌സ സെല്‍ഫ് ഗോള്‍ ചെയ്ത് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.

എന്നാല്‍  റാസും ക്രിസ്റ്റെന്‍സന്‍ 56ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ ഡെന്‍മാര്‍ക്ക് ഉണര്‍ന്നു. എന്നാല്‍ മത്സരത്തിലെ 72ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി. പിന്നീട് ക്രിസ്റ്റയന്‍ എറിക്‌സണ്‍ നേടിയ ഗോള്‍ ഡെന്‍മാര്‍ക്കിനെ ഒരു പടികൂടെ മുന്നിലെത്തിച്ചു.

ശേഷം ഫ്രാന്‍സിസ്‌കോ ട്രാങ്കോ 86ാം മിനിട്ടിലും 91ാം മിനിട്ടിലും ഇരട്ട ഗോള്‍ നേടി പോര്‍ച്ചുഗലിനെ നാലാം ഗോളിലെത്തിച്ചു. മത്സരത്തിലെ അവസാന നിമിഷം (115ാം മിനിട്ട്) ഗോണ്‍ഗാലോ റാമോസും ഗോള്‍ നേടിയതോടെ ഡെന്‍മാര്‍ക്ക് തല താഴ്ത്തുകയായിരുന്നു.

സെമി ഫൈനല്‍ മത്സരത്തിനാണ് ഇനി പോര്‍ച്ചുഗലിന്റെ കാത്തിരിപ്പ്. കരുത്തരായ ജര്‍മനിയോടാണ് പോര്‍ച്ചുഗല്‍ പോരാടാനുള്ളത്. ജൂണ്‍ അഞ്ചിനാണ് മത്സരം നടക്കുക.

ഇതോടെ നാഷന്‍സ് സീഗില്‍ ആറ് മത്സരത്തില്‍ നാല് വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 14 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ക്രൊയേഷ്യയാണ്. ആറ് മത്സരത്തില്‍ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റാണ് ടീം നേടിയത്.

 

Content Highlight: Portugal Won Nations League Quarter Final Against Denmark