പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം, സിദ്ദീഖ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏപ്രില്‍ 6ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് കൊറോണ പേപ്പേഴ്‌സ്. പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന രാഹുല്‍ എന്ന ചെറുപ്പക്കാരനില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് സിനിമ മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ മൂന്നോളം സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രാധാന്യത്തോടെ പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്.
സ്ത്രീകളെ കൊണ്ട് തന്നെ സ്ത്രീവിരുദ്ധത പറയിക്കുക എന്ന ഡയറക്ടര്‍ ബ്രില്ല്യന്‍സാണ് പ്രിയദര്‍ശന്‍ സിനിമയില്‍ ഉപയോഗിക്കുന്നത്. സിനിമയിലെ പ്രധാന ചില സാഹചര്യങ്ങളില്‍ തുടങ്ങി ‘പെണ്ണുങ്ങളെ വിശ്വസിക്കാമോ’ എന്ന നായികയുടെ ചോദ്യം വരെ നീളുന്ന പ്രിയദര്‍ശന്‍ ബ്രില്ല്യന്‍സ് തന്നെയാണ് സിനിമയുടെ പ്രധാന സവിശേഷത.
സിനിമയില്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന രാഹുല്‍ നമ്പ്യാര്‍ എന്ന കഥാപാത്രം തനിക്ക് പറ്റിയ ഒരു അബദ്ധത്തെ കുറിച്ച്, മാധ്യമപ്രവര്‍ത്തക കൂടിയായ നായിക കഥാപാത്രത്തോട് തുറന്ന് പറയുന്നുണ്ട്. ആ രംഗം തന്നെ അപക്വമാണെന്ന് പറയാം. അതായത് പരിചയപ്പെട്ട് വെറും രണ്ട് ദിവസം മാത്രമുള്ള ഒരാളോട് അതും ഒരു മാധ്യമപ്രവര്‍ത്തകയോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തുറന്ന് പറയുന്ന രാഹുല്‍ നമ്പ്യാരുടെ കോമണ്‍ സെന്‍സ് അപാരം തന്നെ.
സിനിമയുടെ ബാക്കി കഥയെ മുന്നോട്ട് നയിക്കുന്ന ഈ സീനിലാണ് നായിക ‘സ്ത്രീകളെ വിശ്വസിക്കാമോ’ എന്ന അത്രയും സ്ത്രീവിരുദ്ധമായ പ്രസ്താവന ചിരിച്ച മുഖത്തോട് കൂടി പറഞ്ഞവസാനിപ്പിക്കുന്നത്. തിരക്കഥാകൃത്ത് കൂടിയായ പ്രിയദര്‍ശന്‍ ഇത്തരം ഡയലോഗുകള്‍ ഒട്ടും ശ്രദ്ധിക്കാതെ എഴുതി വിടുമ്പോള്‍ വിമര്‍ശിക്കപ്പെടുമെന്ന് ചിന്തിക്കുന്ന് പോലുമില്ല. ഒടുവില്‍ നായിക തമാശയായി പറയുന്ന ഈ പ്രസ്താവന പൂര്‍ണമായി ശരിയാണെന്ന് രാഹുല്‍ നമ്പ്യാര്‍ അംഗീകരിക്കുന്നുണ്ട്.
ഷെയ്ന്റെ കഥാപാത്രം തന്നോട് പറഞ്ഞ രഹസ്യം അവര്‍ തന്റെ ചാനലിലൂടെ വാര്‍ത്തയായി പുറത്ത് വിടുന്നുണ്ട്. തന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി, കരിയറിന്റെ സുരക്ഷക്ക് വേണ്ടിയൊക്കെയാണ് അവര്‍ ഇത് പുറത്ത് പറയാന്‍ നിര്‍ബന്ധിതയാകുന്നത്. അതായത് വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് സ്ത്രീകളെന്ന പൊതു ബോധത്തെ വീണ്ടും ഊട്ടിയുറപ്പിക്കാന്‍ സിനിമ ശ്രമിക്കുന്നത്.
ഇതിന് പുറമെ മറ്റ് പല സന്ദര്‍ഭങ്ങളിലും ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ ഡയലോഗുകള്‍ വരുന്നുണ്ട്. അതെല്ലാം തന്നെ പറയിക്കുന്നത് സ്ത്രീകളെ കൊണ്ട് തന്നെയാണ്. സ്ത്രീകള്‍ പറഞ്ഞാല്‍ ഇതൊന്നും സ്ത്രീവിരുദ്ധമാവില്ലെന്ന മിഥ്യധാരണയില്‍ നിന്നുമാണ് പ്രിയദശന്‍ കൊറോണ പേപ്പേഴ്‌സ് ചെയ്തതെന്ന് തോന്നുന്നു. എക്‌സ്ട്രാ മാരിറ്റല്‍ അഫയറിനെയൊക്കെ ഒരു പാത്രത്തില്‍ നിന്നുണ്ണുന്ന ചോറ് എന്ന നിലയിലൊക്കെയാണ് സിനിമ പറയുന്നത്. സ്ത്രീയെ പാത്രമെന്ന നിലയിലും പ്രിയദര്‍ശന്‍ ഉപമിക്കുന്നുണ്ട്.
content highlight: politically incorrect statements in corona papers malayalam movie