ബെംഗളൂരു: മംഗളൂരു സ്‌ഫോടവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ 18 ഇടങ്ങളില്‍ പൊലീസ് പരിശോധന. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, തീവ്രവാദ വിരുദ്ധ വിഭാഗം, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡി.ജി.പിയും മംഗളൂരുവില്‍ എത്തിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ബന്ധു വീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇതിന് സമാന്തരമായി എന്‍.ഐ.എ മൈസൂരുവിലും പരിശോധന നടത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടയാളുകളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ ‘സ്ലീപ്പര്‍ സെല്ലുകള്‍’ക്കെതിരെ ശക്തമായ പരിശോധനയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ, ഷാരിഖിന്റെ കേരള ബന്ധത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതി മുഹമ്മദ് ഷാരിഖിന് ആലുവയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിശദമായ അന്വേഷണം.