തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരയുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും അപ്‌ലോഡ് ചെയ്യുന്നവരെയും കുടുക്കാന്‍ കേരള പൊലീസ്. കേരള സൈബര്‍ ഡോമും കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ വിഭാഗവും ചേര്‍ന്ന് 350ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൊലീസ് നടപടി.
ഡാര്‍ക്ക്‌നെറ്റ് വെബ്‌സൈറ്റുകളിലൂടെയും രഹസ്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുമാണ് പൊലീസ് നിരീക്ഷിക്കുന്നത്.
പൊലീസ് സജ്ജമാക്കിയ സോഫ്റ്റ്‌വെയര്‍ വഴിയാണ് ഇത്തരത്തിലുള്ളവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നത്.
പൊലീസ് നീരീക്ഷണത്തിലുള്ളവരില്‍ പകുതിയോളം പേര്‍ക്കെതിരെയും കുറ്റം ചുമത്താവുന്ന തെളിവുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യം മറയ്ക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മറ്റു ഏജന്‍സികളുടെ സഹായവും തേടുന്നുണ്ട്.
നോട്ടപ്പുള്ളികളുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷണത്തിലാണ്.
ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ വിവര ശേഖരത്തിന് പിന്നാലെ ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ കേരളത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു.
ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 89 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.
ജൂണ്‍ മാസത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ 47 പേര്‍ അറസ്റ്റിലായിരുന്നു. മലപ്പുറത്ത് 15 പേരും തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി.
സംസ്ഥാനത്തെ 2 ലക്ഷത്തിലേറെ വാട്സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ട്. ഫേസ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലത്ത് ഡാര്‍ക്നെറ്റ് ചാറ്റ് റൂമുകള്‍ക്കു പുറമേ വാട്സാപ്പിലും ടെലിഗ്രാമിലും ഇത്തരം ഗ്രൂപ്പുകള്‍ പെരുകിയെന്നും ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ വീടുകള്‍ക്കുള്ളില്‍ ദുരുപയോഗിക്കപ്പെട്ടുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക