കോഴിക്കോട്: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ യുവാവിന് പൊലീസ് പീഡനം. പെമ്പിളെെ ഒരുമൈ സമരത്തെ പിന്തുണയ്ക്കുകയും തേയില കമ്പനിക്കെതിരെ നിലപാടെടുക്കുകയും ചെയ്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട മനോജ് ജെയിംസ് എന്ന യുവാവാണ് പൊലീസ് പീഡനം നേരിടുന്നത്.
കഴിഞ്ഞ ദിവസം ശാന്തമ്പാറ പൊലീസ് സ്റ്റേഷനില്‍ പെരിയകനാല്‍ എസ്റ്റേറ്റ് മാനേജറുടെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുകയും തന്നെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നും മനോജ് ആരോപിക്കുന്നു.
“ആ മാനേജറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാക്കി എന്നുമാണ് കേസ്. എന്നാല്‍ ആ ദിവസം ഞാന്‍ മുന്നാറിലേ ഇല്ലായിരുന്നു. ആദ്യം എന്റെ ഒരു സുഹൃത്തിന്റെ പേരാണ് ആ മാനേജര്‍ പറഞ്ഞത്. പിന്നീട് “ആരോ” ഇടപെട്ടു എന്റെ പേര് അതില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു. എന്നെ മാനസികമായി പീഡിപ്പിച്ചു നാട് കടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയസ്വാധീനമുള്ള മുന്നാറിലെ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം കഴിഞ്ഞ ദിവസം എനിക്ക് ബോധ്യപെട്ടു. എന്റെ പേരില്‍ കൊടുക്കപെട്ട മൂന്നാമത്തെ കള്ളക്കേസാണിത്” മനോജ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ആരോപിക്കുന്നു.
“തന്നെ മാവോയിസ്റ്റാക്കാന്‍ വേണ്ടി പൊലീസ് മനപ്പൂര്‍വ്വം ശ്രമിക്കുന്നെന്നും മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ആമിയേയും അറിയുമോ എന്ന് പൊലീസ് ചോദിച്ചെന്നും മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സമരക്കാരുടെ ആവശ്യം അംഗീകരിക്കാത്ത കമ്പനിക്കെതിരെ പെമ്പിളൈ ഒരുമൈയുടെ രണ്ടാം ഘട്ട സമര പ്രഖ്യാപനം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. അതിന് ശേഷമാണ് പൊലീസ് വേട്ട രൂക്ഷമായതെന്നും വീട്ടില്‍ ഉറങ്ങാന്‍ അനുവദിക്കുന്നില്ല. രാത്രി 2 മണിക്കൊക്കെ വീട്ടില്‍ കയറിവന്ന് അച്ഛനേയും അമ്മയേയും നിരന്തരം പൊലീസ് ശല്യം ചെയ്യുന്നു”. മനോജ് പറഞ്ഞു.
ഈ വംശീയ ആക്രമണവും മാനസിക പീഡനവും കാരണം ഞാന്‍ ആത്മഹത്യയുടെ വക്കിലാണ്. മുന്നാറിലെ സാധാരണ തോട്ടം തൊഴിലാളികളായ എന്റെ അച്ഛനും അമ്മയും എന്നെ പീഡിപ്പിക്കുന്നത് കണ്ട് മാനസികമായി തകര്‍ന്നിരിക്കുകയാണ്. പല പ്രാവശ്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും എനിക്ക് ഒരു രീതിയിലും പരിചയമില്ലാത്ത മാവോയിസ്‌റ് നേതാക്കളുടെ പേരും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്നും മനോജ് പറയുന്നു.
“പെമ്പിളെെ ഒരുമൈ സമരത്തിന്റെ തുടര്‍ച്ചയായി ടാറ്റാ അനധികൃതമായി കൈവശംവച്ചിട്ടുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതരായ മറ്റു പിന്നോക്കകാര്‍ക്കും വിതരണത്തെ ചെയ്യണമെന്ന് പറഞ്ഞു സഖാവ് ഗോമതിയുടെ സമരത്തിനെ ഞാന്‍ പിന്തുണച്ചതിനും ശേഷമാണ് എന്നെ കൂടുതലും പൊലീസ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരോട് വിവരാവകാശ നിയമ പ്രകാരം എന്നെ അറസ്റ്റ് ചെയ്തതിനും എന്റെ വീട്ടില്‍ സെര്‍ച്ച് വാറന്റ് ഇല്ലാതെ പരിശോധന നടത്തിയതിനും കാരണം അന്വേഷിച്ചപ്പോള്‍ കേരള പൊലീസ് ആക്ട് 37 പ്രകാരം എന്നോട് അത് പറയാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്. എന്ന് വച്ചാല്‍ ശരിയായ ഒരു ഉത്തരവും പൊലീസിനില്ല. ശരിക്കും പറഞ്ഞാല്‍ മൂന്നാറിലെ തൊഴിലാളികളുടെ സമരം പിന്തുണച്ചതിനും അവരോടൊപ്പം പ്രവര്‍ത്തിച്ചതിനും എന്നെ മാനസീകമായി പീഡിപ്പിച്ചു ആത്മഹത്യാ ചെയ്യിക്കുവാന്‍ പോലീസിന്റെ സഹായത്തോടു കൂടെ ഇവിടത്തെ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കയാണ്” മനോജ് ആരോപിക്കുന്നു.