national news
കാല്‍നൂറ്റാണ്ട് നീണ്ട അന്വേഷണം, വേഷം മാറിയെത്തി അറസ്റ്റ്; കിഷന്‍ ലാല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്തത് നാടകീയ രംഗങ്ങളിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 19, 02:16 am
Monday, 19th September 2022, 7:46 am

ന്യൂദല്‍ഹി: 1997ല്‍ നടന്ന കിഷന്‍ ലാല്‍ കൊലപാതകത്തില്‍ പ്രതി കാല്‍നൂറ്റാണ്ടിന് ശേഷം പിടിയില്‍. ദല്‍ഹി പൊലീസാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. രാമു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

1997 ഫെബ്രുവരിയിലായിരുന്നു കിഷന്‍ ലാല്‍ എന്ന തുഗ്ലക്കാബാദിലെ കൂലിപ്പണിക്കാരനെ രാമു എന്നയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രാമു നാടുവിടുകയായിരുന്നു. ഇരുവരും ഒരേ നാട്ടുകാരായിരുന്നു.

തെളിയിക്കപ്പെടാത്ത കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കിഷന്‍ ലാല്‍ കേസ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ കേസ് വീണ്ടും അന്വേഷിക്കുകയായിരുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് എന്ന വ്യാജേനെയാണ് പൊലീസ് രാമുവിന്റെ ബന്ധുവിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ സംസാരത്തില്‍ രാമുവിന്റെ മകനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് രാമുവിന്റെ മകന്‍ ആകാശിന്റെ ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചു. അശോക് യാദവ് എന്ന പേരിലായിരുന്നു രാമു ഒളിവില്‍ കഴിഞ്ഞിരുന്നത്.

പിന്നീട് ആകാശിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. പിതാവുമായി അടുപ്പത്തിലല്ലെന്നും ജാനകിപുരത്ത് ഇലക്ട്രോണിക് ഓട്ടോറിക്ഷ ഓടിക്കുകയാണ് പിതാവെന്നും ആകാശ് പൊലീസിന് മൊഴി നല്‍കി.

ഇ-റിക്ഷ ഏജന്റ് എന്ന വ്യാജേനെയാണ് പൊലീസ് രാമുവിനെ സമീപിച്ചത്. ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ മാസം 14നായിരുന്നു സംഭവം. പണത്തിനു വേണ്ടിയായിരുന്നു കൂലിപ്പണിക്കാരനായ കിഷന്‍ ലാലിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു രാമുവിന്റെ മൊഴിയെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ ദൃക്‌സാക്ഷികളില്ലാതിരുന്നതും പ്രതിയുടെ രേഖാ ചിത്രം പൊലീസിന്റെ കയ്യിലില്ലാതിരുന്നതുമാണ് നീണ്ട കാലം അന്വേഷണത്തിന് വെല്ലുവിളിയായത്.

പ്രതിയെ പിടിക്കുമെന്ന പ്രതീക്ഷയില്ലെന്നായിരുന്നു കിഷന്‍ ലാലിന്റെ ഭാര്യ സുനിതയുടെ പ്രതികരണം. കേസന്വേഷണത്തോട് സുനിത ആദ്യം മുതലേ സഹകരിച്ചിരുന്നില്ല.
കിഷന്‍ ലാല്‍ മരിക്കുന്ന സമയത്ത് സുനിത ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്ക് അന്ന് ഒന്നര വയസ് പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു.

Content Highlight: Police arrested murder case accused after quarter a century, reports