രാജ്യത്ത് എല്ലാ തരത്തിലുമുള്ള നക്‌സലിസവും അവസാനിപ്പിക്കണമെന്നും തോക്ക് കൊണ്ട് മാത്രമല്ല പേന കൊണ്ടും ചില മാവോയിസം നടപ്പിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫരീദാബാദില്‍ വെച്ച് നടക്കുന്ന, രാജ്യത്തെ ആഭ്യന്തര മന്ത്രിമാരുടെയും ഡി.ജി.പിമാരുടെയും യോഗമായ ചിന്തന്‍ ശിവിറിന്റെ രണ്ടാം ദിനത്തില്‍ യോഗത്തെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
മാവോയിസം പേനകളിലൂടെയും നടപ്പിലാക്കപ്പെടുന്നുണ്ട്. ആയുധമെടുത്ത് പോരാടുകയല്ല, പകരം എഴുത്തിലൂടെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
”നക്‌സലിസത്തിന്റെ എല്ലാ രൂപങ്ങളെയും പരാജയപ്പെടുത്തണം. നക്‌സലുകള്‍ക്ക് തോക്ക് മാത്രമല്ല പേനയും പിടിക്കാം. അവര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണ്,” മോദി പറഞ്ഞു.
യുവാക്കളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ (നക്‌സലിസം) തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ ജാഗ്രതയോടെ നീങ്ങണമെന്ന് മോദി പൊലീസ് സേനയോട് ആവശ്യപ്പെട്ടു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍, യു.എ.പി.എ പോലുള്ള നിയമങ്ങള്‍ അന്വേഷണ- നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് പ്രചോദനം നല്‍കിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും പൊലീസും തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ അതിര്‍ത്തി കടന്നും വ്യാപിക്കുന്നതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി യോഗത്തില്‍ പറഞ്ഞു.
അതേസമയം, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്തന്‍ ശിവിറിന്റെ രണ്ടാം ദിവസത്തില്‍ പങ്കെടുക്കുന്നില്ല. ആദ്യ ദിവസം മുഖ്യമന്ത്രി യോഗത്തിനെത്തിയിരുന്നു.
എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരൊന്നും ചിന്തന്‍ ശിവിറില്‍ പങ്കെടുത്തിട്ടില്ല. ഇവര്‍ പകരം മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് അയക്കുകയായിരുന്നു.