എല്ലാക്കാര്യവും അമിത് ഷാ പറയുമെങ്കില്‍ മോദി എന്തിനാണ് പത്രസമ്മേളനത്തിന് വന്നത്, ഇത് മാനസികമായി തോല്‍വി സമ്മതിച്ചതിന്റെ തെളിവ്: രാജ് താക്കറെ
മുംബൈ: വാര്‍ത്താ സമ്മേളനത്തില്‍ മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്റെ ലക്ഷണമാണെന്ന് എം.എന്‍.എസ് തലവന്‍ രാജ്താക്കറെ. വാര്‍ത്താ സമ്മേളനമല്ല ‘മൗന്‍ കീ ബാത്ത്’ ആണ് നടന്നതെന്നും രാജ്താക്കറെ പറഞ്ഞു.
‘അമിത് ഷാ എല്ലാ കാര്യങ്ങളും പറയുമായിരുന്നെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മാനസികമായി തോല്‍വി സമ്മതിച്ചുവെന്നതിന്റെ തെളിവാണ്’ രാജ്താക്കറെ പറഞ്ഞു.
മറ്റുള്ളവരെ കേള്‍ക്കാന്‍ മോദിയ്ക്ക് ധൈര്യമില്ലെന്നും ഇത്രയും കാലം മോദി സംസാരിക്കുകയും ജനങ്ങള്‍ കേള്‍ക്കുകയുമാണുണ്ടായതെന്നും രാജ്താക്കറെ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.എന്‍.എസ് മത്സരിക്കുന്നില്ലെങ്കിലും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറിയ രാജ്താക്കറെയ്ക്ക് പ്രചാരണങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.
അധികാരമേറ്റ് അഞ്ച് വര്‍ഷത്തിനു ശേഷമാണ് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷായ്‌ക്കൊപ്പമാണ് മോദി മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നത്. റഫാല്‍ അഴിമതി, പ്രജ്ഞാ സിങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വം തുടങ്ങിയ എല്ലാം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത് അമിത് ഷായായിരുന്നു.