സമൂഹത്തിൽ ഐക്യം കൊണ്ടുവരാനും അവിടത്തെ ക്രമസമാധാനം സംരക്ഷിക്കാനും ശ്രമിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്
ന്യൂദൽഹി: മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് തോന്നുന്നില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് ശരദ് പവാർ. മണിപ്പൂരിൽ വെച്ച് നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് ശരദ് പവാർ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. മണിപ്പൂരിൽ നടന്ന അക്രമ സംഭവങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിന് സംഭവിച്ചത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പോകണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സംസ്ഥാനത്തിന് സംഭവിച്ച ഇത്രയും വലിയ പ്രശ്നങ്ങളിൽ, ആ പ്രശ്നങ്ങളെ നേരിടാൻ അവിടത്തെ ജനങ്ങളെ പ്രാപ്തമാക്കേണ്ടതുണ്ട്. സമൂഹത്തിൽ ഐക്യം കൊണ്ടുവരാനും അവിടത്തെ ക്രമസമാധാനം സംരക്ഷിക്കാനും ശ്രമിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഇന്നത്തെ മണിപ്പൂരിൽ ഇത്രയും സംഭവിച്ചതിന് ശേഷം രാജ്യത്തെ പ്രധാനമന്ത്രിക്ക് അവിടെ പോയി ജനങ്ങളെ ആശ്വസിപ്പിക്കാൻ തോന്നിയിട്ടില്ല.
മണിപ്പൂരിലെ വിവിധ മതങ്ങളിലും ജാതികളിലും ഭാഷകളിലും പെട്ട ആളുകൾ ഞങ്ങളെ കാണാൻ ദൽഹിയിൽ വന്ന് ഞങ്ങളോട് പറഞ്ഞത്, ഐക്യത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന അവർക്കിടയിൽ വലിയ സംഘർഷങ്ങൾ ഉണ്ടായി. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നഷ്ടമായി എന്നാണ്,’ ശരദ് പവാർ പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് മൂന്നിനാണ് മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡൻ്റ്‌സ് യൂണിയൻസ് (എ.ടി.എസ്.യു) സംഘടിപ്പിച്ച റാലിയെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വലിയ രീതിയിലുള്ള വർഗീയ കലാപം സംസ്ഥാനത്ത് അരങ്ങേറി.
Content Highlight: pm does not feel need to go to manipoor: sharad pawar