കര്‍ഷകന്റെ ആത്മഹത്യാ ശ്രമം; അമിത് ഷായ്ക്കും മോദിക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുക്കണമെന്ന് ആവശ്യം
farmers protest
കര്‍ഷകന്റെ ആത്മഹത്യാ ശ്രമം; അമിത് ഷായ്ക്കും മോദിക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st December 2020, 6:54 pm

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ കര്‍ഷകനാണ് വിഷ പദാര്‍ത്ഥം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

ആത്മഹത്യ കൊണ്ടെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതിയാണ് മരിക്കാനൊരുങ്ങിയതെന്നാണ് കര്‍ഷകന്‍ പറഞ്ഞ്.

‘എനിക്ക് ഇപ്പോള്‍ സുഖം തോന്നുന്നു. ആത്മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്. സാധാരണഗതിയില്‍, ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുക്കും. എന്റെ കാര്യത്തില്‍, അമിത് ഷായ്ക്കും പ്രധാനമന്ത്രിയും മോദിക്കുമെതിരെ കേസെടുക്കണം,” അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ഷക പ്രതിഷേധം 25 ദിവസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറായിട്ടില്ല. കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു വന്നിരുന്നു.

കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനും വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PM, Amit Shah Must Be Held Responsible”: Farmer Who Attempted Suicide