നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
Kerala News
നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2024, 8:37 pm

 

തിരുവനന്തപുരം : എസ്.എഫ്.ഐ പ്രതിഷേധത്തിനിടയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ, ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തിൽ ഗവർണറിൽ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘അധികാര സ്ഥാനത്ത് ഇരിക്കുന്നവർ ആരായാലും അവർക്കെതിരെ വ്യത്യസ്‍തരീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം. അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് പ്രശ്നം. തനിക്കെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാനോ കേരളത്തിലോ, ഈ രാജ്യത്ത് മറ്റാരോ പ്രതിഷേധക്കാർക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുവെന്ന് നോക്കാനായി ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ഒരു അനുഭവം തന്നെ നമുക്കില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘കരിങ്കൊടി കാണിക്കുന്നവർക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്നറിയാനായി പുറത്ത് ഇറങ്ങുന്ന ഒരു അധികാരിയെ മുൻപ് എവിടെയും നമ്മൾ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ പ്രവർത്തി സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമായിട്ടുള്ള കാര്യമാണ്. പൊലീസിന്റെ ജോലി അധികാരികൾക്ക് പോകാൻ വഴി ഒരുക്കുക എന്നതാണ്. പ്രതിഷേധക്കാരെ തടയുക എന്നതാണ്. എന്നാൽ എഫ്.ഐ.ആറെ കാണിക്കാൻ ഒക്കെയാണ് ഗവർണർ ആവശ്യപ്പെടുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമായ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്’ അദ്ദേഹം കുറ്റപ്പെടുത്തി.

‘അദ്ദേഹത്തിന്റെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയതും വളരെ വിചിത്രമായ കാര്യമാണ്. സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹമിരിക്കുന്നത്. ഇപ്പോൾ തന്നെ കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ ചിലർക്ക് കേന്ദ്ര സുരക്ഷ ലഭിക്കുന്നുണ്ട്. ആ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും ഇടംപെടിച്ചിരിക്കുന്നു. അത് കൊണ്ട് എന്ത് മേന്മയാണ് അദ്ദേഹത്തിന് കിട്ടാൻ പോകുന്നത് എന്ന് എനിക് അറിയില്ല. കേരളം നേരിട്ട് സി.ആർ.പി.എഫ് ഭരിക്കുമോ?,’ മുഖ്യമന്ത്രി ചോദിച്ചു.

‘കേരളം സി.ആർ.പി.എഫിനെ കാണാത്തത് ഒന്നുമല്ല. എന്താണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്? അവർക്ക് നേരിട്ട് കേസ് എടുക്കാൻ പറ്റുമോ ?നമ്മുടെ നാട്ടിൽ എഴുതപെട്ട നിയമ വ്യവസ്‌ഥയെ വെല്ലുവിളിക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഏതൊരു അധികാര സ്ഥാനത്തേക്കാളും വലുതാണ് ഈ നാട്ടിലെ നിയമം,’ മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആരായാലും ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Pinarayi Vijayan  talks about  Arif Muhammad khan