കൃത്രിമവാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ച തിരിച്ചുവിടാനാണ് ചിലരുടെ ശ്രമം; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി
Kerala News
കൃത്രിമവാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ച തിരിച്ചുവിടാനാണ് ചിലരുടെ ശ്രമം; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th March 2021, 6:57 pm

തിരുവനന്തപുരം: കേരളത്തില്‍ സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടാണെന്ന ആര്‍എസ് എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഒത്തുകളിയാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി മാറ്റിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ്, ബി.ജെ.പി, ഒത്തുകളി കേരളത്തില്‍ കുറച്ചുനാളായി ഉണ്ട്. കൃത്രിമവാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ച തിരിച്ചുവിടാനാണ് ചിലരുടെ ശ്രമം. എല്‍.ഡി.എഫിന് കിട്ടുന്ന പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു. നേമം സ്ഥാനാര്‍ത്ഥിത്വം തുറുപ്പു ചീട്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് കോണ്‍ഗ്രസ് ആദ്യം പറയട്ടെ.’, മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.

കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍ ബാലശങ്കര്‍ ചോദിച്ചിരുന്നു.

നേരത്തെ ആര്‍. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥി.

കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയും ഇതോടെ ബി.ജെ.പി കളഞ്ഞു കുളിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് ഇതിന് പിന്നില്‍. കേരളത്തില്‍ ബി.ജെ.പി. നന്നാവരുതെന്ന നിര്‍ബ്ബന്ധവുമുണ്ട്. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികളാണവര്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബി.ജെ.പി. കളഞ്ഞുകുളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഒരുപോലെ പിന്തുണച്ചിരുന്നു. ബി.ജെ.പിക്ക് ഇക്കുറി ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍,’ എന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷായ്ക്കും മോദിക്കും വരെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. മോദിയുടെ അറിവോടുകൂടിയാണ് താന്‍ കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Pinarayi Vijayan Replies Balashankar