കാസര്‍കോട്: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുക തങ്ങളുടെ ശൈലിയല്ലെന്ന് പിണറായി പറഞ്ഞു.
രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിനെതിരെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്‌സ് ജോര്‍ജ് ആക്ഷേപിച്ചത്.
രാഹുല്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധപരവും രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപപരവുമായ പരാമര്‍ശം നടത്തിയത്.
‘രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.
എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇരട്ടയാറില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും സംവദിച്ചിരുന്നു.
തമിഴ്നാട് മുളഗുമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കൊപ്പം പുഷ് അപ്പ് എടുക്കുകയും മറ്റൊരു വിദ്യാര്‍ത്ഥിക്ക് ‘ഐക്കഡോ’ എന്ന കായികാഭ്യാസത്തിന്റെ ചില ചുവടുകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
അടുത്തിടെ കേരളത്തില്‍ പര്യടനത്തിന് വന്നഘട്ടത്തിലും കോളേജ് വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക