പട്‌ന: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ബന്ധമായി അന്വേഷണം വേണമെന്ന് നിതീഷ് പറഞ്ഞു. ഇതാദ്യമായാണ് എന്‍.ഡി.എയുടെ സഖ്യകക്ഷി തന്നെ പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
പെഗാസസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അത് തീര്‍ച്ചയായും പരിഗണിക്കണമെന്നാണ് നിതീഷ് പറഞ്ഞത്.
” തീര്‍ച്ചയായും ഒരു അന്വേഷണം നടത്തണം, . ടെലിഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് കുറെ ദിവസമായി കേള്‍ക്കുന്നു, വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടണം പ്രതിപക്ഷം കുറെ ദിവസമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവര്‍ത്തിക്കുന്നു, അത് ചെയ്യണം,” അദ്ദേഹം പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രതിപക്ഷം ഉണ്ടാക്കിയ വിവാദമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് നിതീഷ് കുമാറിന്റെ പ്രതികരണം. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യാത്തതിന്റെ പേരില്‍ ഉണ്ടായ പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു.
രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.