കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീമാരേയും അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പി.സി ജോര്‍ജ് ചോദിച്ചു.
പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.
Also Read:എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിവേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.
കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാല്‍ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിലും ബിഷപ്പും ളോഹ ഊരണമെന്ന് ജോര്‍ജ് പറഞ്ഞു.