തിരുവനന്തപുരം: ജനപക്ഷം അധ്യക്ഷനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്.
പി.സി ജോര്‍ജ് ബി.ജെ.പി കേന്ദ്രനേതാക്കളുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി മുന്നണി പ്രവേശനത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. ബി.ജെ.പി സംസ്ഥാന നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി
പത്തനംതിട്ടയില്‍ നിന്ന് പിന്‍മാറിയത് കെ. സുരേന്ദ്രന് വേണ്ടിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബി.ജെ.പി പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു.
പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നുമായിരുന്നു പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മൂന്നാഴ്ച മുന്‍പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍മാറുകയും ചെയ്ത ജോര്‍ജ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും മത്സരത്തിന് ഒരുങ്ങിയിരുന്നത്.
പി.സി ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാടിനൊപ്പമായിരുന്നു പി.സി ജോര്‍ജ്. ഭക്തര്‍ക്ക് പിന്തുണ അറിയിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനൊപ്പം കറുപ്പുവസ്ത്രം ധരിച്ച് ജോര്‍ജ് സഭയിലെത്തുകയും ചെയ്തിരുന്നു.