[] തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സി.പി.ഐ.എം. പാര്‍ട്ടിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് സംസ്ഥാനഘടകം പി.ബിക്ക് റിപ്പോര്‍ട്ട് നല്‍കി.
കൊലപാതകത്തില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ അന്വേഷണം വ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രതികരണം. കേസില്‍ പങ്കുണ്ടെന്ന് സംശയിച്ച് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍വിവരങ്ങള്‍ അന്വേഷണസംഘം സ്വരൂപിച്ചിരുന്നു.
ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൊലയ്ക്കു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരുടെ പേരും വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭ്യമാണ്.
മനോജിനെ കൊലപ്പെടുത്തിയ സംഘം പരിചിതരാണെന്ന് കേസിലെ സാക്ഷി പ്രമോദ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. കൊലയാളി സംഘത്തിലെ ഏഴു പേരുടെ പേരുകള്‍ പ്രമോദ് അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ സ്വദേശിയായ മനോജിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.