Advertisement
KERALA BYPOLL
അയ്യായിരത്തില്‍ യു.ഡി.എഫ്, മൂവായിരത്തില്‍ എല്‍.ഡി.എഫ്, വന്‍ കണക്കുകളുമായി ബി.ജെ.പി; വട്ടിയൂര്‍ക്കാവിലെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 22, 06:18 pm
Tuesday, 22nd October 2019, 11:48 pm

തിരുവനന്തപുരം: മറ്റന്നാള്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ കണക്കുകൂട്ടലുകളുമായി മുന്നണികള്‍. വട്ടിയൂര്‍ക്കാവിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഫോട്ടോഫിനിഷ് സാധ്യത പറഞ്ഞതിനെത്തുടര്‍ന്ന് ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്.

അയ്യായിരം വോട്ടിനു ജയിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. അതേസമയം മൂവായിരത്തില്‍ താഴെ വോട്ടിനു ജയിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. ജയിക്കില്ലെങ്കിലും 35,000-45,000 വോട്ട് ലഭിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.

പോളിങ് കുറഞ്ഞതില്‍ ആശങ്ക വേണ്ടെന്നാണ് സിറ്റിങ് സീറ്റില്‍ യു.ഡി.എഫ് പറയുന്നത്. കുറഞ്ഞത് ബി.ജെ.പി വോട്ടുകളാണെന്നാണ് അവരുടെ വിലയിരുത്തല്‍. അതിനാല്‍ത്തന്നെ ജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏതു സാഹചര്യത്തിലും അമ്പതിനായിരത്തിലേറെ വോട്ടുകള്‍ തങ്ങള്‍ക്കു വട്ടിയൂര്‍ക്കാവില്‍ അനായാസം കിട്ടാറുണ്ടെന്നാണ് അവര്‍ പറയുന്നത്.

അതേസമയം എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് തങ്ങളെ ബാധിക്കില്ലെന്ന വിലയിരുത്തലാണ് ഇടതുമുന്നണി നടത്തുന്നത്. മാത്രമല്ല, ഇത്തവണ പതിവിനു വിപരീതമായി മേയര്‍ വി.കെ പ്രശാന്തിന്റെ പ്രതിച്ഛായയും തങ്ങള്‍ക്കൊപ്പമുള്ളത് അവര്‍ക്കു പ്രതീക്ഷ നല്‍കുന്നു.

എക്‌സിറ്റ് പോള്‍ പറഞ്ഞത്ര മോശമാകില്ല തങ്ങളുടെ പ്രകടനമെന്ന് ബി.ജെ.പി പറയുന്നു. നാല്‍പ്പതിനായിരത്തില്‍ നിന്ന് അയ്യായിരം വോട്ട് കൂടുകയോ കുറയുകയോ ചെയ്യാമെന്നാണ് അവര്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്ക് 25 ശതമാനത്തിലേറെ വോട്ടുള്ള 105 ബൂത്തുകളാണു മണ്ഡലത്തിലുള്ളത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഇത്തവണ അവിടങ്ങളിലൊന്നും വോട്ടുകള്‍ വീണിട്ടില്ല.

എന്‍.എസ്.എസ് നിലപാടും മഴയും തിരിച്ചടിയായി ജില്ലാ നേതൃത്വം പറയുന്നുണ്ടെങ്കിലും കുമ്മനം രാജശേഖരനെ മാറ്റിനിര്‍ത്തി, എസ്. സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയതാണ് അണികളെ നിരാശരാക്കിയതെന്ന് പകല്‍ പോലെ വ്യക്തമാണ്.