Entertainment
ആ രണ്ട് നടന്മാരുടെ ഭാര്യയായും പെങ്ങളായും അഭിനയിച്ചു: ശ്രിന്ദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 04:51 am
Friday, 25th April 2025, 10:21 am

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ശ്രിന്ദ. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010ൽപുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് ശ്രിന്ദ തന്റെ കരിയർ ആരംഭിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ എന്നിവർ ഒന്നിച്ച ചിത്രത്തിൽ ജയസൂര്യയുടെ സഹോദരി ആയിട്ടാണ് നടി എത്തിയത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാനും ശ്രദ്ധിക്കപ്പെടാനും ശ്രിന്ദക്ക് സാധിച്ചിരുന്നു. നടി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ എന്നും ഓർക്കപ്പെടുന്ന ഒരു കഥാപാത്രമാണ് സുശീല. 1983 എന്ന നിവിൻ പോളി ചിത്രത്തിലായിരുന്നു ശ്രിന്ദ സുശീലയായി എത്തിയത്.

ജയസൂര്യ, നിവിൻ പൊളി എന്നിവരുടെ കൂടെ ഭാര്യയായും പെങ്ങളായും അഭിനയിക്കാൻ കഴിഞ്ഞുവെന്ന് ശ്രിന്ദ പറയുന്നു. ശ്രിന്ദയുടെ ആദ്യ ചിത്രമായ ഫോർ ഫ്രണ്ട്സിൽ ജയസൂര്യയുടെ സഹോദരി ആയിരുന്നുവെന്നും ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിൽ ഭാര്യയായും അഭിനയിച്ചുവെന്ന് ശ്രിന്ദ പറഞ്ഞു.

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ താൻ നിവിൻ പോളിയുടെ സഹോദരിയുടെ വേഷമാണ് ചെയ്തതെന്നും എന്നാൽ ‘1983’ എന്ന സിനിമയിൽ ഭാര്യയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. കരിയറിനെ ‘1983’ന് മുമ്പും പിമ്പും എന്നു തിരിക്കുന്നതാകും നല്ലതെന്നും ആ സിനിമക്ക് ശേഷമാണ് ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങിയതെന്നും ശ്രിന്ദ പറഞ്ഞു.

‘ആദ്യം അഭിനയിച്ച ‘ഫോർ ഫ്രണ്ട്സി’ൽ ജയസൂര്യയുടെ സഹോദരിയായിരുന്നു. ‘ആട് ഒരു ഭീകരജീവിയാണി’ൽ ഭാര്യയായി. ‘തട്ടത്തിൽ മറയത്തി’ൽ നിവിൻ്റെ പെങ്ങളായി ‘1983’ൽ ഭാര്യയും. കരിയറിനെ ‘1983’ന് മുമ്പും പിമ്പും എന്നു തിരിക്കുന്നതാകും നല്ലത്. അതുവരെ ഇവിടെയൊക്കെ ഉണ്ടായിരുന്നിട്ടും ശ്രിന്ദ എന്ന നടിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ‘1983’ന് ശേഷമാണ്.

ഏറ്റവും വലിയ ഭാഗ്യം സുകുമാരിയമ്മയ്ക്കൊപ്പം അഭിനയം തുടങ്ങാൻ സാധിച്ചതാണ്. ഫോർ ഫ്രണ്ട്സിൽ എന്റെ അമ്മയായിരുന്നു സുകുമാരിയമ്മ. അമ്മയ്ക്ക് സെറ്റിലെല്ലാവരും മക്കളെപ്പോലെയാണ്. വലിയ പലഹാരപ്പൊതികളുമായാണ് ഷൂട്ടിങ്ങിന് വരിക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മറ്റുള്ളവർ കഴിച്ചോ എന്ന് മറക്കാതെ അന്വേഷിക്കും.

ആദ്യസിനിമയുടെ അങ്കലാപ്പിൽ നിന്ന എന്നെ അമ്മ ആശ്വസിപ്പിച്ചു, ‘എല്ലാ സിനിമയും ആദ്യസിനിമയാണെന്ന് കരുതണം. എങ്കിലേ കഥാപാത്രത്തെ ഫ്രഷ് ആയി മനസിലേക്കെടുക്കാൻ പറ്റൂ’. ആ ഉപദേശം ഇപ്പോഴും എൻ്റെ മന്ത്രമാണ്,’ ശ്രിന്ദ പറയുന്നു.

Content Highlight: Srinda Talk About Four Friends And 1983 Movie