ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. 198 റണ്‍സ് നേടിയ ഇന്ത്യ 50 റണ്‍സിനായിരുന്നു വിജയിച്ചത്.
മാറ്റിവെച്ച ടെസ്റ്റ് മത്സരത്തില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ ട്വന്റി-20യില്‍ റെസ്റ്റ് നല്‍കിയിരുന്നു. രണ്ടാം മത്സരത്തില്‍ ആ താരങ്ങള്‍ ടീമില്‍ തിരിച്ചത്തും. ആ ഒരു സാഹചര്യത്തില്‍ ആദ്യ മത്സരത്തില്‍ കളിച്ച പല താരങ്ങള്‍ക്കും ടീമില്‍ ഇടം നഷ്ടമാകും.
എന്നാല്‍ പകരം വന്ന താരങ്ങളും മികച്ച ഫോമിലായിരിക്കുന്ന കാരണം ഇന്ത്യന്‍ ടീം മികച്ച ഇലവന്‍ ഇറക്കാന്‍ ബുദ്ധിമുട്ടുമെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ത്ഥീവ് പട്ടേലിന്റെ അഭിപ്രായം. ടീമില്‍ വരുത്തേണ്ട മാറ്റങ്ങളിലും അദ്ദേഹം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന് പകരം റിഷബ് പന്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തിന് ഓപ്പണിങ്ങില്‍ കുറച്ചു അവസരം നല്‍കാമെന്നും അദ്ദേഹത്തിന് അവിടെ തിളങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
‘ദിനേഷ് കാര്‍ത്തിക്ക് ഒന്നാം നമ്പര്‍ ഫിനിഷറാണ്, ഈ വര്‍ഷം ടി-20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇഷാന്‍ കിഷനാണ്, എന്നാല്‍ റിഷബ് പന്ത് ഒരു യൂണീക്ക് താരമാണ്. അദ്ദേഹത്തിന് മികച്ച ഐ.പി.എല്‍ ഇല്ലായിരുന്നെങ്കിലും, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നേടിയ ആ സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കും. ഇഷാന്‍ കിഷന്റെ സ്ഥാനത്ത് അദ്ദേഹത്തിന് ഓപ്പണ്‍ ചെയ്യാനും കുറച്ച് അവസരങ്ങള്‍ നേടാനും കഴിയും,” പാര്‍ത്ഥീവ് പട്ടേല്‍ പറഞ്ഞു.
അക്സര്‍ പട്ടേല്‍, ദീപക് ഹൂഡ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് പകരം ജഡേജയും കോഹ്‌ലിയും ബുംറയും തിരിച്ചത്തുമെന്ന് പാര്‍ത്ഥീവ് നീരീക്ഷിച്ചു. ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം നേടാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘അക്സര്‍ പട്ടേലിന് പകരം രവീന്ദ്ര ജഡേജയെത്തും. അര്‍ഷ്ദീപ് സിംഗിന് പകരം ജസ്പ്രീത് ബുംറയും ഇറങ്ങും. ശ്രേയസ് അയ്യര്‍ പ്ലെയിംഗ് ഇലവനില്‍ എത്തിയേക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോഹ്ലിയും റിഷബ് പന്തും തിരിച്ചെത്തിയേക്കാം, എന്നാല്‍ ആരെ ഒഴിവാക്കും എന്നത് രസകരമായിരിക്കും,’ പാര്‍ത്ഥീവ് കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി അപ്പര്‍ഹാന്‍ഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടാനായിരിക്കും ശ്രമിക്കുക. എന്നാല്‍ ആദ്യ മത്സരത്തില്‍ തോറ്റതിന്റെ കണക്ക് തീര്‍ക്കാനായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുന്നത്.