ബുംറയ്ക്ക് പരിക്ക് പറ്റിയാലെ അവന് വളരാന്‍ സാധിക്കു; മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച്
Sports News
ബുംറയ്ക്ക് പരിക്ക് പറ്റിയാലെ അവന് വളരാന്‍ സാധിക്കു; മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th July 2024, 5:38 pm

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഐതിഹാസികമായ വിജയമായിരുന്നു 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കിയത്. 2007ല്‍ എം.എസ്. ധോണിക്ക് ശേഷം രോഹിത്തിന്റെ കീഴില്‍ ടി-20 കിരീടം സ്വന്തമാക്കിയതിന്റെ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍ എത്തിയയെങ്കിലും പേസര്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന അവസാന അഞ്ച് ഓവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ബൗളിങ് യൂണിറ്റിന്റെ മിന്നും പ്രകടനമാണ് കയ്യില്‍ നിന്നും നഷ്ടപ്പെട്ട ടി-20 ലോകകപ്പ് കിരീടം തിരിച്ച് പിടിച്ചത്.

നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് ഇന്നിങ്‌സില്‍ മാത്രമാണ് പങ്കടുക്കാന്‍ സാധിച്ചത്. അതില്‍ ഒരു വിക്കറ്റും താരം നേടിയിരുന്നു. ഇപ്പോള്‍ സിറാജിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് ബൗളിങ് കോച്ച് പരാസ് മാംബ്രെ. ഇന്ത്യയുടെ മികച്ച ബൗളര്‍ ബുംറയ്ക്ക് പരിക്ക് പറ്റിയാല്‍ സിറാജിന് തിരിച്ചുവരാന്‍ കഴിയുമെന്നും ബൗളിങ് യൂണിറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമെന്നുമാണ് മാംബ്രെ പറഞ്ഞത്.

‘ജസപ്രീത് ബുംറയ്ക്ക് പരിക്ക് പറ്റിയാല്‍, അത് സിറാജിന് മെച്ചപ്പെടാനുള്ള അവസരമാകും. അവന്‍ ബൗളിങ് യൂണിറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആക്രമിക്കുകയും ചെയ്യും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മത്സര ബുദ്ധിയുള്ളത് നല്ലതാണ്,’ പരാസ് മാംബ്രെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവച്ചത് പേസ് മാസ്റ്റര്‍ ജസ്പ്രിത് ബുംറയായിരുന്നു. ടൂര്‍ണമെന്റില്‍ 29.4 ഓവര്‍ ചെയ്തു 15 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ശേഷം മിന്നും പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും താരത്തെ തേടി എത്തിയിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

Content Highlight: Paras Mhmbrey Talking About Mohammad Siraj