World News
ഇസ്രഈല്‍ വെടിവെപ്പില്‍ ഫലസ്തീനിലെ 12,13 വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 22, 07:30 am
Saturday, 22nd February 2025, 1:00 pm

ഗസ: അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ചയുണ്ടായ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. 12, 13 വയസുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.

തെക്കന്‍ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിലെ 13 വയസുള്ള അയ്മാന്‍ നാസര്‍ അല്‍-ഹിമൗനിക്കാണ് ആദ്യം വെടിയേറ്റത്. പിന്നാലെ റിമാസ് ഒമര്‍ അമോറിയെന്ന കുട്ടിക്കും വെടിയേല്‍ക്കുകയായിരുന്നു.

ഹൈബ്രോണിലെ ജബല്‍ ജുഹാര്‍ പരിസരത്ത് നിന്നാണ് അയ്മന്‍ നാസറിന് വെടിയേറ്റത്. പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി.

ഇരുവരുടെ മരണവും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വീടിന് മുന്നില്‍ വെച്ചാണ് കുട്ടികള്‍ക്ക് വെടിയേറ്റതെന്നും കൊല്ലപ്പെട്ടതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം ഒരു ഇസ്രഈല്‍ പട്ടാളക്കാരനും വെടിയേറ്റിരുന്നു. ജെനിന്‍ പ്രദേശത്ത് നിന്നായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

കുട്ടികളുണ്ടായിരുന്ന വീട്ടുമുറ്റത്തേക്ക് ഏകദേശം 50 മീറ്റര്‍ അകലെയുണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അത് കുട്ടികളുടെ പുറകിലേക്ക് തറയ്ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതേസമയം ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന 602 ഫലസ്തീനികള്‍ക്ക് പകരം ഗസയില്‍ നിന്ന് ആറ് തടവുകാരെ വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഗസയിലെ റഫയിലായിരിക്കും ബന്ദി കൈമാറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Palestinian children aged 12 and 13 were killed in Israeli firing