Sports News
രാജസ്ഥാന് നേരെ തീ തുപ്പിയ ദല്‍ഹിയുടെ ബ്രഹ്‌മാസ്ത്രം; ഇവന്‍ എറിഞ്ഞിട്ടത് മിന്നല്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 11:11 am
Thursday, 17th April 2025, 4:41 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ടൈ സ്‌കോറിലെത്തുകയായിരുന്നു. 20ാം ഓവര്‍ എറിഞ്ഞ ദല്‍ഹിയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒമ്പത് റണ്‍സ് ഡിഫന്‍ഡ് ചെയ്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സാണ് എടുത്തത്. ദല്‍ഹിക്കായി സൂപ്പര്‍ ഓവറിലും പന്തെറിഞ്ഞത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു. ഓസ്‌ട്രേലിയന്‍ പേസറുടെ യോര്‍ക്കറുകള്‍ രാജസ്ഥാന്‍ താരങ്ങളെ വെള്ളം കുടിപ്പിക്കുന്നതായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

സൂപ്പര്‍ ഓവറിലെ മിന്നും പ്രകടനത്തേയും മുന്‍ നിര്‍ത്തിയപ്പോള്‍ മത്സരത്തിലെ താരമാകാനും സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കുന്ന ഇടം കയ്യന്‍ ഫാസ്റ്റ് ബൗളറാകാനാണ് മിച്ചല്‍ സ്റ്റാര്‍ക്കിന് സാധിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കുന്ന ഇടം കയ്യന്‍ ഫാസ്റ്റ് ബൗളര്‍, സ്‌ട്രൈക്ക് റേറ്റ് (വിക്കറ്റ്)

മിച്ചല്‍ സ്റ്റാര്‍ക്ക് – 15.7 (61)

ശ്രീനാഥ് അരവിന്ദ് – 16.8 (45)

ഖലീല്‍ അഹമ്മദ് – 16.9 (85)

അര്‍ഷ്ദീപ് സിങ് – 17.8 (84)

Content Highlight: IPL 2025: Mitchell Starc In Great Record Achievement In IPL