IPL
മുംബൈയുടെ തകര്‍ച്ചക്ക് കാരണം രോഹിത്; ഇന്ത്യന്‍ നായകന് രൂക്ഷ വിമര്‍ശനവുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 11:18 am
Thursday, 17th April 2025, 4:48 pm

ഐ.പി.എല്ലില്‍ മൂന്നാം വിജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ ത്രില്ലര്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ പോരാട്ടത്തിനെത്തുന്നത്.

കഴിഞ്ഞ മത്സരത്തില്‍ പഴയ മുംബൈയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ആശങ്ക. മോശം ഫോമില്‍ തുടരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയുടെ കാര്യവും മുംബൈക്ക് തലവേദനയാണ്. ഇപ്പോള്‍ രോഹിത്തിന്റെ മോശം ഫോമിനെ കുറിച്ചും മുംബൈ ഇന്ത്യന്‍സിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

മുംബൈയുടെ വലിയ പ്രശ്‌നം ബാറ്റിങ് ഓര്‍ഡര്‍ ശരിയാകുന്നില്ല എന്നതാണെന്നും അതിന് കാരണം രോഹിത് ശര്‍മ റണ്‍സ് നേടാത്തതാണെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ മോശം പ്രകടനം കാരണം മുംബൈയുടെ ബാറ്റിങ് ഓര്‍ഡര്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നെന്നും അദ്ദേഹം റണ്‍സ് എടുത്തില്ലെങ്കില്‍ ടീം മാനേജ്‌മെന്റ് എങ്ങനെ രോഹിത്തിനെ കൈകാര്യം ചെയ്യുമെന്ന് തനിക്കറിയില്ലയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘മുംബൈയുടെ വലിയ പ്രശ്‌നം ബാറ്റിങ് ഓര്‍ഡര്‍ ശരിയാകുന്നില്ല എന്നതാണ്. അതിന് കാരണം രോഹിത് ശര്‍മ റണ്‍സ് നേടാത്തതാണ്. അദ്ദേഹം റണ്‍സ് നേടുന്നില്ലെങ്കില്‍ ബാറ്റിങ് ഓര്‍ഡര്‍ ക്രീക്ക് ചെയ്യാന്‍ തുടങ്ങും. ആരെ എപ്പോള്‍ അയയ്ക്കണമെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നില്ല.

റയാന്‍ റിക്കിള്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ മാന്യമായി ബാറ്റ് ചെയ്യുന്നു,നമന്‍ ധിര്‍ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു, ഹര്‍ദിക് പാണ്ഡ്യയും ഫോമിലാണ്. വില്‍ ജാക്‌സ് ഇതുവരെ കാര്യമായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല.

രോഹിത് ഓപ്പണറായി ഇറങ്ങുന്നതിനാല്‍ നമന്‍ ധിറിന് താഴേക്ക് ഇറങ്ങേണ്ടി വരുന്നു. രോഹിത് റണ്‍സ് നേടേണ്ടതുണ്ട്, കാരണം അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കില്‍, മുംബൈ ഈ സീസണ്‍ മുഴുവന്‍ അദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല,’ ചോപ്ര പറഞ്ഞു.

രോഹിത് ശര്‍മ മികച്ച കളിക്കാരനാണെന്നും അദ്ദേഹം സ്വയം കുറച്ച് സമയം നല്‍കേണ്ടതുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ശര്‍മ വളരെ മികച്ച കളിക്കാരനാണ്. നല്ല സമയങ്ങള്‍ നീണ്ടുനിന്നില്ലെങ്കില്‍ മോശം സമയങ്ങളും നീണ്ടുനില്‍ക്കില്ലെന്ന് ഞാന്‍ ഒരിക്കല്‍ കൂടി പറയും. എന്നിരുന്നാലും, അദ്ദേഹം സ്വയം കുറച്ച് സമയം നല്‍കേണ്ടതുണ്ട്.

കാരണം അദ്ദേഹം തുടര്‍ച്ചയായി ഷോട്ടുകള്‍ അടിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തിരുന്നു, പക്ഷേ അവിടെയും പുറത്തായി,’ ചോപ്ര പറഞ്ഞു.

Content Highlight: Former Indian Cricketer Akash Chopra talks about Rohit Sharma’s indifferent form and says that his form affects Mumbai Indians batting order