മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 16 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
ചിത്രത്തില്‍ തനിക്ക് തോന്നിയ ഫാന്‍ബോയ് മൊമന്റിനെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഷൂട്ടിന്റെ എല്ലാ ദിവസവും തനിക്ക് ഫാന്‍ബോയ് മൊമന്റായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എന്നാല്‍ മറക്കാനാകാത്ത ഒരു അനുഭവം ഉണ്ടെന്നും ആ സീന്‍ എടുത്തത് രസകരമായിരുന്നെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ട്രെയ്‌ലറില്‍ മോഹന്‍ലാലിന്റെ ബാക്ക് ഷോട്ട് കാണിക്കുന്ന ഒരു ഫ്രെയിമുണ്ടെന്നും ആ സീനിന് വേണ്ടി തോള് കുറച്ച് ചെരിക്കാമോ എന്ന് മോഹന്‍ലാലിനോട് ചോദിച്ചെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ചെരിഞ്ഞല്ലേ ഇരിക്കുന്നതെന്നും ഇനി എന്തിനാ ചെരിക്കുന്നതെന്നും മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. കുറച്ചുകൂടെ ചെരിച്ചാല്‍ നന്നാകുമെന്ന് താന്‍ പറഞ്ഞെന്നും മോഹന്‍ലാല്‍ അത് കേട്ട് ഷോട്ടിന് റെഡിയാകാന്‍ പോയെന്നും തരുണ്‍ പറഞ്ഞു.
പുലിമുരുകന്റെ ക്യാമറ കൈകാര്യം ചെയ്ത ഷാജിയായിരുന്നു ഈ സിനിമയുടെ ക്യാമറയെന്നും അദ്ദേഹത്തോട് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ തനിക്ക് വേണ്ടി തോള് കുറച്ചുകൂടി ചെരിച്ചെന്നും അത് വലിയൊരു ഫാന്‍ബോയ് മൊമന്റായിരുന്നെന്നും തരുണ്‍ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഈ സിനിമയുടെ ഷൂട്ടിന്റെ എല്ലാ ദിവസവും എനിക്ക് ഫാന്‍ബോയ് മൊമന്റായിരുന്നു. ലാലേട്ടന്റെ എല്ലാ സീനും എടുത്തത് ഒരു ഫാന്‍ബോയ് എന്ന നിലയില്‍ തൃപ്തി തന്നവയായിരുന്നു. അതില്‍ ആദ്യം ഓര്‍മ വരുന്ന ഒരു സീനുണ്ട്. ട്രെയ്‌ലറില്‍ ലാലേട്ടന്‍ നടന്നുപോകുന്ന ഒരു സീനിന്റെ ബാക്ക് ഷോട്ട് കാണിക്കുന്നുണ്ട്. ആ സീന്‍ എടുക്കുന്ന സമയത്ത് തോളൊന്ന് ചെരിക്കാമോ എന്ന് ലാലേട്ടനോട് ചോദിച്ചു.
‘ഓള്‍റെഡി ചെരിഞ്ഞല്ലേ ഇരിക്കുന്നത്, ഇനിയും ചെരിക്കണോ’ എന്ന് ലാലേട്ടന്‍ ചോദിച്ചു. ചെരിച്ചാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പുള്ളി ഷോട്ടിന് റെഡിയായിട്ട് പോയി. ഷാജിയേട്ടനായിരുന്നു ക്യാമറ. പുലിമുരുകനൊക്കെ ക്യാമറ ചെയ്തത് പുള്ളിയായിരുന്നു. ‘ആ കുട്ടി എന്നോട് തോള് ഒന്നുകൂടി ചെരിക്കാന്‍ പറയുന്നു, എന്താ ചെയ്യേണ്ടത്?’ എന്ന് ലാലേട്ടന്‍ ഷാജിയേട്ടനോട് ചോദിച്ചു.
‘അവന്റെ ആഗ്രഹമല്ലേ, ചെയ്‌തോളൂ’ എന്ന് ഷാജിയേട്ടന്‍ പറഞ്ഞു. ലാലേട്ടന്‍ അത് കേട്ട് ചിരിച്ചുകൊണ്ട് പോയി. ഞാന്‍ ഹെഡ്‌സെറ്റൊക്കെ വെച്ച് മോണിറ്ററിന്റെ മുന്നിലിരുന്നു. പുള്ളി തോളും ചെരിച്ച് നടക്കുന്ന ഷോട്ട് ആ മോണിറ്ററില്‍ കണ്ടത് എനിക്ക് കിട്ടിയ ഫാന്‍ബോയ് മൊമന്റുകളിലൊന്നായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy shares the fanboy moment with Mohanlal in Thudarum movie