ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 മുംബൈ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ എല്ലാ ഇന്ത്യന്‍ താരങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ).
സമീപകാലത്ത് ഇന്ത്യയ്ക്കായി കളിച്ച എല്ലാ താരങ്ങളും ഈ ലീഗ് കളിക്കണമെന്നാണ് എം.സി.എ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലെ മാത്രമല്ല, എം.സി.എയുടെ ഭാഗമായ മറ്റ് ടീമിലെ താരങ്ങളോടും ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, അജിന്‍ക്യ രഹാനെ, ഷര്‍ദുല്‍ താക്കൂര്‍, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളോട് പ്രത്യേകമായും എം.സി.എ ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഡ്യൂട്ടിയോ പരിക്കോ ഉള്ള താരങ്ങള്‍ക്ക് മാത്രമാണ് അസോസിയേഷന്‍ ഇളവ് നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി 15 ലക്ഷം രൂപ അപ്പ്യറന്‍സ് ഫീസായും എം.സി.എ പ്രഖ്യാപിച്ചിട്ടുണ്ട്. ലേലത്തുകയ്‌ക്കൊപ്പം താരങ്ങള്‍ക്ക് ഈ തുകയും ലഭിക്കും.
‘ഐപിഎല്ലിന് ശേഷം ആരംഭിക്കുന്ന ടി-20 മുംബൈ ലീഗ് കളിക്കണമെന്ന് മുംബൈ ഇന്ത്യന്‍സിലെ എല്ലാ താരങ്ങളെയും അറിയിച്ചിട്ടുണ്ട്. നാഷണല്‍ കമ്മിറ്റ്‌മെന്റോ പരിക്കോ ഉള്ള താരങ്ങള്‍ക്ക് മാത്രം ഒഴിവാകാം,’ എം.സി.എ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘ലേലത്തുകയ്ക്ക് പുറമേ, എല്ലാ ഇന്ത്യന്‍ കളിക്കാര്‍ക്കും എം.സി.എ 15 ലക്ഷം രൂപ വീതം അപ്പ്യറന്‍സ് ഫീസായി നല്‍കും. ഇതിനൊപ്പം തന്നെ ലേല തുകയായി അവര്‍ക്ക് പ്രത്യേകം വരുമാനവും ലഭിക്കും. അടിസ്ഥാന വിലയും മറ്റ് വിശദാംശങ്ങളും ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം 2,800 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ ലീഗിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് ടീമുകളായിരിക്കും ടൂര്‍ണമെന്റിന്റെ ഭാഗമാവുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന എം.സി.എ ഇപ്പോള്‍ പുതിയ രണ്ട് ടീമിനുള്ള ബിഡ്ഡുകള്‍ കൂടി ക്ഷണിച്ചിട്ടുണ്ട്. എട്ട് ടീമുകളായിരിക്കും പുതിയ ലീഗിലുണ്ടാവുക.
‘ടി20 മുംബൈ ലീഗിന്റെ മൂന്നാം സീസണിനോടുള്ള പ്രതികരണം അസാധാരണമാണ്. 2800ലധികം കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നത് ലീഗിന്റെ ജനപ്രീതിയെയും മുംബൈക്കാരുടെ അവസാനിക്കാത്ത ക്രിക്കറ്റ് അഭിനിവേശത്തെയും വ്യക്തമാക്കുന്നതാണ്. ഇത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. കൂടാതെ അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ എം.സി.എ സെക്രട്ടറി അഭയ് ഹദപ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: The Mumbai Cricket Association (MCA) has issued a directive requiring all Indian players who are part of the Mumbai Indians to participate in the T20 Mumbai League to be held after the IPL.