Advertisement
Film News
രാക്കുളി പെരുന്നാള്‍ കൂടി പാലാക്കാര്‍ ഉറങ്ങാത്ത രാത്രി; പാലാ പള്ളി വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 30, 11:07 am
Saturday, 30th July 2022, 4:37 pm

പൃഥ്വിരാജ് നായകനായ കടുവ ഒരു ഇടവേളക്ക് ശേഷം മലയാള പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു. മാസ് ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തെ തിയേറ്ററുകള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ പാട്ടായിരുന്നു പാലാ പള്ളി തിരുപള്ളി എന്ന ഗാനം. ക്ലൈമാക്‌സിലെ നായകനും വില്ലനും തമ്മിലുള്ള ഫൈറ്റിന് കൂടുതല്‍ ആവേശം പകരുന്നത് ഈ ഗാനമായിരുന്നു.

റിലീസിന് മുമ്പേ പുറത്ത് വന്ന പാലാ പള്ളി പ്രൊമോഷന്‍ വീഡിയോ 10 മില്യണ്‍ കാഴ്ചക്കാരാണ് ഇതിനോടകം കണ്ടത്. പാട്ടിന്റെ വീഡിയോ വേര്‍ഷന്‍ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നായകനായ കുര്യച്ചനെ ഇല്ലാതാക്കാനായി വില്ലനായ ജോസഫ് ചാണ്ടി കരുക്കള്‍ നീക്കുന്നതാണ് ഗാനരംഗങ്ങളില്‍ കാണിക്കുന്നത്. പാലായിലെ രാക്കുളി പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

സോള്‍ ഓഫ് ഫോക്ക് എന്ന ബാന്‍ഡാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുല്‍ നറുകരയാണ് ലീഡ് സിങ്ങര്‍. സന്തോഷ് വര്‍മയും ശ്രീഹരിയും ചേര്‍ന്നാണ് വരികളെഴുതിയത്. ജേക്ക്‌സ് ബിജോയാണ് ഗാനം ചിട്ടപ്പെടുത്തിയത്.

ജൂലൈ ഏഴിനാണ് കടുവ തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന് പുറമേ വിവേക് ഒബ്രോയ്, സംയുക്ത മേനോന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍, സീമ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.

Content Highlight: palappally thiruppally video song from kaduva