ഇഫ്താര്‍ വിരുന്നിനിടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി
ഇസ്‌ലാമാബാദ്: ഇസലാമാബാദില്‍ ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ശനിയാഴ്ച്ച സെറീന ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ റി്‌പ്പോര്‍ട്ട് ചെയ്യുന്നു.
പരിപാടിയുടെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിരുന്നിനെത്തിയ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തുവെന്നുമാണ് പരാതി.
പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ ഇഫ്താര്‍ വിരുന്നിന് എത്തിയിരുന്നെങ്കിലും സംഭവത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിപ്പോയി. എന്നാല്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ ഉണ്ടായ സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ക്ഷമാപണം നടത്തി.
പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജൂണ്‍ ഒന്നിന് ഇസ്‌ലാമാബാദില്‍ ഒരു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പടെ പാക് നേതൃത്വത്തിന് ക്ഷണം നല്‍കുകയും ചെയ്തിരുന്നു.